mm-hassan

തിരുവനന്തപുരം:ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. യുഡിഎഫിന് സമ്പൂർണ വിജയം ഉറപ്പാണെന്നും തിരഞ്ഞെടുപ്പിൽ ബിജെപി - സിപിഎം രഹസ്യ ഡീൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അത് മറികടന്നാണ് ജനം വോട്ട് ചെയ്തത്. ശക്തമായ ഭരണ വിരുദ്ധവികാരം അലയടിച്ചു. കേരളത്തിന്റെ മതേതര മനസ് ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും ഹസൻ കൂട്ടിച്ചേർത്തു.

അതേസമയം, എക്സിറ്റ് പോളുകൾ സംശയാസ്പദമാണെന്നും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും ഇന്ന് പറഞ്ഞിരുന്നു. എക്സിറ്റ് പോളുകൾ തയ്യാറാക്കിയവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടാകുമെന്നും ബിജെപിയും മോദിയും പറഞ്ഞതുപോലെയുള്ള ഫലമാണ് പുറത്ത് വന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. ശാസ്ത്രീയമായ നിഗമനത്തിന്റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോൾ. അതിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് സംശയിക്കുകയാണ്.

ബിജെപി പറഞ്ഞതുപോലെയുള്ള പ്രവചനമാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ അത് വിശ്വസനീയമല്ല. ഇതുവരെ ബിജെപി പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു നിലപാടാണ് എല്ലാ എക്സിറ്റ് പോളുകളും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ഇന്ത്യ മുന്നണി നേതാക്കൾ പറഞ്ഞതുപോലെ വോട്ടെണ്ണൽ സമയത്ത് അതീവ ജാഗ്രതയുണ്ടാകണം. എല്ലാ മേഖലയിലും ജാഗ്രതയോടെ ചിന്തിക്കേണ്ടതുണ്ടെന്ന ഇന്ത്യ മുന്നണിയുടെ നിലപാട് ശരിവെക്കുന്നതാണ് എക്സിറ്റ് പോൾ ഫലമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.