
തൃശൂർ: കാലം തെറ്റിയ മഴയും കാലാവസ്ഥാ മാറ്റവുമെല്ലാം മൂലം ലോകത്തെ 41 ശതമാനം തവളകൾ വംശനാശ ഭീഷണിയിലെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ. 200ൽപരം തവളകളുള്ള കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കൃഷിയിടങ്ങളിലും തോട്ടങ്ങളിലും വീട്ടുമുറ്റത്തും വനത്തിലും തവളകളെ കാണാമെങ്കിലും വിവിധയിനങ്ങളെ പറ്റി പരിമിതമായ അറിവേയുള്ളൂ. സ്വാഭാവിക ആവാസ വ്യവസ്ഥയുടെ നഷ്ടവും ജലമലിനീകരണവും വാഹനപ്പെരുപ്പവും വരെ ഇവയുടെ വംശവർദ്ധനവിനും നിലനിൽപ്പിനും ഭീഷണിയാകുന്നു.
വംശനാശ ഭീഷണിയിലുള്ള പർപ്പിൾ, മലബാർ ടോറന്റ്, ആനമല ഗ്ലൈഡിംഗ് തുടങ്ങിയവ സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്തുമുണ്ട്. പ്രധാന ആവാസവ്യവസ്ഥകൾ തിരിച്ചറിഞ്ഞാലേ സംരക്ഷിക്കാനാകൂ. ഇതിനായി കേരള വനഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള സെന്റർ ഫോർ സിറ്റിസൺ സയൻസ് ആൻഡ് ബയോഡൈവേഴ്‌സിറ്റി ഇൻഫോർമാറ്റിക്‌സിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30 വരെ പൊതുജന പങ്കാളിത്തത്തോടെ 'ബയോബ്ലിറ്റ്‌സ്' സർവേ നടത്തും. നിശ്ചിതപ്രദേശത്ത് കഴിയാവുന്നത്ര ഇനങ്ങളെ കണ്ടെത്താനുള്ള സർവേയാണ് ബയോബ്ലിറ്റ്‌സ്. സർവേ നിരീക്ഷണങ്ങൾ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഇൻഫർമേഷൻ ഫെസിലിറ്റിയുടെ ഭാഗമാകും. വെബ്‌സൈറ്റ് www.ccsbi.kfri.res.in.
സജീവമാകുന്നത് മഴക്കാലത്ത്
മഴക്കാലത്താണ് തവളകൾ സജീവമാകുന്നതും പ്രജനനം നടത്തുന്നതും. 2023ലെ സർവേയിൽ ഇരുന്നൂറോളം പൗരശാസ്ത്രജ്ഞർ പങ്കെടുത്തു. 1223 നിരീക്ഷണങ്ങൾ അപ്‌ലോഡ് ചെയ്തു. ഇതിൽ ഐ.യു.സി.എൻ ചുവന്ന പട്ടികയിലുള്ള പത്തിനങ്ങൾ ഉൾപ്പെടെ 80ഓളം ഉഭയജീവികളെ കണ്ടെത്തി. വയനാടൻ കരിയിലത്തവള, ചൊറിത്തവള എന്നിവ ധാരാളമുണ്ടായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന ആനമുടി ഇലത്തവള, തീവയറൻ നീർച്ചൊറിയൻ, മഞ്ഞക്കരയൻ പച്ചിലപ്പാറാൻ, പുള്ളിപ്പച്ചിലപ്പാറാൻ, പാതാളത്തവള എന്നിവയെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തി.
എല്ലാ പ്രായത്തിലുമുള്ളവർക്കും തവളകളുടെയും വാൽമാക്രികളുടെയും ഫോട്ടോ, അവയുടെ ശബ്ദം എന്നിവ ഐനാച്ചുറലിസ്റ്റ് (iNaturalist) ആപിൽ അപ്‌ലോഡ് ചെയ്യാം.
ഡോ.പേരോത്ത് ബാലകൃഷ്ണൻ
വൈൽഡ് ലൈഫ് ബയോളജി വിഭാഗം മേധാവി
വനഗവേഷണ കേന്ദ്രം.