
ട്വന്റി-20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ അമേരിക്കയ്ക്ക് ജയം
കാനഡ ഉയർത്തിയ 195 റൺസ് ലക്ഷ്യം മറികടന്നത് 14 പന്തുകൾ ബാക്കിനിൽക്കേ
40 പന്തിൽ 10 സിക്സടക്കം 94 റൺസ് നേടി ആരോൺ ജോൺസ് വിജയശിൽപ്പിയായി
ടർബോ പവറിൽ അടിച്ചു ജയിപ്പിച്ചത് ആരോൺ ജോൺസേട്ടായി
ഡാലസ് : ലോകകപ്പിൽ നവാഗതരെങ്കിലും ക്രിക്കറ്റിൽ തങ്ങൾ വെറും ശിശുക്കളല്ലെന്ന് തെളിയിച്ച് ട്വന്റി-20 ലോകകപ്പിന്റെ സഹ ആതിഥേയരായ അമേരിക്ക. ഒൻപതാം ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്നലെ കാനഡയെ ഏഴുവിക്കറ്റിന് തകർത്ത അമേരിക്കയുടെ കേളീശൈലിയാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുന്നത്. ലോകകപ്പിന് മുമ്പ് ബംഗ്ളാദേശിനെ മൂന്ന് മത്സര പരമ്പരയിൽ 2-1ന് തോൽപ്പിച്ച അമേരിക്കയുടെ വീര്യം ഗ്രൂപ്പിൽ കളിക്കുന്ന ഇന്ത്യ അടക്കമുള്ള എതിരാളികളെ ബോദ്ധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു കാനഡയ്ക്ക് എതിരെ അവരുടെ പ്രകടനം.
ഡാലസിൽ ആദ്യം ബാറ്റ് ചെയ്ത കാനഡ ഉയർത്തിയ 194/5 എന്ന സ്കോർ 17.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുക്കുകയായിരുന്നു അമേരിക്ക. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ കാനഡ ഓപ്പണർ നവ്നീത് ധലിവാൾ(61), നിക്കോളാസ് ക്രിറ്റോൺ (51) എന്നിവരുടെ അർദ്ധസെഞ്ച്വറികളുടെ മികവിലാണ് 194ലെത്തിയത്. ഓപ്പണർ ആരോൺ ജോൺസൺ 23 റൺസും ശ്രേയസ് മൊവ്വ പുറത്താകാതെ 32 റൺസും നേടി.
മറുപടിക്കിറങ്ങിയ അമേരിക്കയ്ക്ക് രണ്ടാം പന്തിൽ ഓപ്പണർ സ്റ്റീവൻ ടെയ്‌ലറെ (0) നഷ്ടമായെങ്കിലും ക്യാപ്ടനും കീപ്പറുമായ മോനാങ്ക് പട്ടേലും (16) ആൻഡ്രീസ് ഗോസും (65) ചേർന്ന് മുന്നോട്ടുനയിച്ചു. ഏഴാം ഓവറിൽ ടീം സ്കോർ 42ൽ നിൽക്കേ മോനാങ്ക് പുറത്തായപ്പോൾ പകരമെത്തിയ ആരോൺ ജോൺസ് തകർത്തടിച്ചതോടെ കളിയുടെ ഗതിമാറി. 40 പന്തുകൾ നേരിട്ട ആരോൺ നാലു ഫോറും 10 സിക്സുകളുമടക്കമാണ് 94 റൺസുമായി പുറത്താകാതെ നിന്നത്. മൂന്നാം വിക്കറ്റിൽ ഗോസിനൊപ്പം 131 റൺസാണ് 55 പന്തുകളിൽ അടിച്ചുകൂട്ടിയത്. 46 പന്തുകളിൽ ഏഴുഫോറും മൂന്ന് സിക്സുമടിച്ച ഗോസ് 16-ാം ഓവറിൽ മടങ്ങിയ ശേഷം മുൻ കിവീസ് താരമായ കൊറേയ് ആൻഡേഴ്സനെ (3*) കൂട്ടുനിറുത്തി 14 പന്തുകൾ അവശേഷിപ്പിച്ച് ആരോൺ ആതിഥേയരെ വിജയത്തിലെത്തിച്ചു. ആരോണാണ് മാൻ ഒഫ് ദ മാച്ച്.
ഈ വിജയത്തോടെ രണ്ടു പോയിന്റുമായി അമേരിക്ക ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി.
വ്യാഴാഴ്ച പാകിസ്ഥാനെതിരെയാണ് അമേരിക്കയുടെ അടുത്ത മത്സരം.
കാനഡ വെള്ളിയാഴ്ച അയർലാൻഡിനെ നേരിടും