
തൃപ്പൂണിത്തുറ: വിൽക്കാൻ കൊണ്ടുവന്ന 485 ഗ്രാം എം.ഡി.എം.എയുമായി ഏറ്റുമാനൂർ അരങ്ങാട്ടുപറമ്പിൽ അമീർ മജീദ് (33), ചങ്ങനാശേരി പെരുന്ന പടിഞ്ഞാറേക്കര വീട്ടിൽ വർഷ (22) എന്നിവരെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് 25 ലക്ഷം രൂപയോളം വിലവരും.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ഹിൽപാലസ് റോഡിൽ കരിങ്ങാച്ചിറയിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. സംഘത്തിലെ മൂന്നാമൻ ഓടി രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച കാർ പൊലീസിനെ കണ്ട് നിർത്താതെ പോവുകയും ചാത്താരിക്കടുത്തുള്ള ഇടവഴിയിലേക്ക് തിരിയുകയുമായിരുന്നു. വഴി അവസാനിച്ചതോടെ പിന്നാലെയെത്തിയ പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. വർഷ ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. ഇന്നലെ രാവിലെയാണ് എം.ഡി.എം.എയുമായി കൊച്ചിയിലെത്തിയത്.
സി.ഐ.ആനന്ദ് ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ടോൾസൺ, ബിജു, സി.പി.ഒമാരായ മധു, സുജീഷ്, അശ്വിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.