
പാലക്കാട്: പട്ടാപ്പകൽ റോഡരികിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് സ്ഥലം മാറ്റി വയ്ക്കും. പിറ്റേന്ന് പകൽ ഏതെങ്കിലും സ്വർണക്കടയിലെത്തി ഇവിടെ ഡിസ്പേയ്ക്ക് വച്ചിരിക്കുന്ന സ്വർണാഭരണം എടുത്ത് വാഹനത്തിൽ അതിവേഗം കടന്നു കളയും. മായാവി വെങ്കിടേഷ് എന്നറിയപ്പെടുന്ന ഒറ്റപ്പാലം വാണിയംകുളം കിഴക്കേത്തല വെങ്കിടേഷിന്റെ മോഷണ രീതിയാണിത്. മാസങ്ങളായി സമാനരീതിയിൽ ഒട്ടേറെ കവർച്ച നടത്തിയ ഇയാൾ ഒടുവിൽ പൊലീസിന്റെ പിടിയിലായി. ചന്ദ്രനഗറിൽ റോഡരികിൽ ഹെൽമറ്റ് വിൽക്കുന്നയാളുടെ സ്കൂട്ടർ പട്ടാപ്പകൽ മോഷ്ടിച്ച വെങ്കിടേഷിനെ പാലക്കാട് കസബ പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ചന്ദനഗറിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് സ്ഥലം മാറ്റിവച്ച ഇയാൾ പിറ്റേന്ന് തിരിച്ചെത്തി സുൽത്താൻപേട്ടയിലെ സ്വർണക്കടയുടെ വാതിൽ തുറന്ന് സ്വർണമാലയും എടുത്ത് വേഗത്തിൽ വാഹനത്തിൽ കടന്നു കളയുകയായിരുന്നു. മുഖം മാസ്ക് ധരിച്ച് ഹെൽമെറ്റ് അഴിക്കാതെയാണ് കളവിനെത്തിയത്. ഒരു സ്വർണ്ണക്കട കൂടി നോക്കി വച്ച ശേഷം കളവിനായി എത്തിയപ്പോഴാണ് പിടിയിലായത്. ഓൺലൈൻ ഗെയിം കളിച്ച് ലക്ഷങ്ങൾ നഷ്ടമായപ്പോഴാണ് മോഷണത്തിനിറങ്ങിയതെന്ന് ഇയാൾ മൊഴി നൽകി. മോഷണം നടത്തിയ സ്കൂട്ടറും ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച മാലയും കണ്ടെത്തി. നാല് മാസത്തിനിടെ സമാന രീതിയിൽ സ്കൂട്ടറും സ്വർണവും മോഷ്ടിച്ചതിന് ഇയാൾക്കെതിരെ ഒറ്റപ്പാലം, പഴയന്നൂർ, പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്. കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. കസബ പൊലീസ് ഇൻസ്പെക്ടർ വി.വിജയരാജൻ, എസ്.ഐ ബാബുരാജ്, എ.ജതി, ഷാഹുൽഹമിദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീദ്.ആർ, ജയപ്രകാശ് എസ്, പ്രിൻസ്, സി.പി.ഒമാരായ ബാലചന്ദ്രൻ, അശോക് തുടങ്ങിയർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.