sbi

ജയ്പൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയില്‍ നിന്നുണ്ടായ മോശം അനുഭവം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച് ഉപഭോക്താവ്. തന്റെ അക്കൗണ്ടുള്ള എസ്ബിഐ ശാഖയില്‍ എത്തിയപ്പോള്‍ ബാങ്കിലെ ഒരു ജീവനക്കാരന്‍ പോലും കസേരയില്‍ ഉണ്ടായിരുന്നില്ല. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ലളിത് സോളങ്കി ബാങ്കില്‍ എത്തിയത്. ഈ സമയത്ത് ബാങ്കില്‍ കണ്ടത് എല്ലാ കസേരകളും കാലിയായി കിടക്കുന്നതാണ്.

ലോകം പോലും പൂര്‍ണ്ണമായും മാറിയെന്നിരിക്കാം. പക്ഷേ നിങ്ങളുടെ സേവനങ്ങള്‍ക്ക് കഴിയില്ലെന്നാണ് ലളിത് ബാങ്കിനെതിരെ പ്രതിഷേധ സൂചകമായി എക്‌സില്‍ കുറിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് വൈറലാകുകയും നിരവധി പേര്‍ കാണുകയും ചെയ്തു. ബാങ്കിലെ ജീവനക്കാര്‍ ഉച്ചഭക്ഷണത്തിന് പോയ സമയത്താണ് താങ്കള്‍ ബ്രാഞ്ചില്‍ എത്തിയത് എന്ന മറുപടയാണ് എസ്ബിഐ അധികൃതര്‍ നല്‍കിയത്. സുരക്ഷാ കാരണങ്ങള്‍ മനസ്സിലാക്കി ചിത്രം ഉടനെ ഡിലീറ്റ് ചെയ്യണമെന്നും ബാങ്ക് ലളിതിനോട് ആവശ്യപ്പെട്ടു.

''താങ്കള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാല്‍ ബ്രാഞ്ച് പരിസരത്ത് ഫോട്ടോഗ്രാഫി/വീഡിയോഗ്രഫി നിരോധിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കുക. ഇവ ദുരുപയോഗം ചെയ്താല്‍ നിങ്ങള്‍ ഉത്തരവാദിയായേക്കാം. അതിനാല്‍, സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്ന് ഇവ ഉടനടി നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു'' - ലളിതിന്റെ പോസ്റ്റിന് എസ്ബിഐ മറുപടി നല്‍കിയത് ഇങ്ങനെയാണ്.

എല്ലാവരും ഒരേസമയം ഉച്ചഭക്ഷണം കഴിക്കാന്‍ പോയതിനെ വിമര്‍ശിച്ചും നിരവധിപേര്‍ എസ്ബിഐ നല്‍കിയ മറുപടിയെ ചോദ്യം ചെയ്ത് പോസ്റ്റിന് താഴെയുള്ള കമന്റിന് മറുപടി നല്‍കി. ഇതിനോട് എസ്ബിഐ പ്രതികരിച്ചത് 'ഞങ്ങളുടെ ശാഖകളിലെ സ്റ്റാഫ് അംഗങ്ങളുടെ ഉച്ചഭക്ഷണ സമയത്തിന് പ്രത്യേക സമയമൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ദയവായി ശ്രദ്ധിക്കുക. ഞങ്ങളുടെ ബഹുമാനപ്പെട്ട ഉപഭോക്താക്കള്‍ക്ക് തുടര്‍ സേവനങ്ങള്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ ബ്രാഞ്ചുകളില്‍ ഉച്ചഭക്ഷണ സമയം പ്രത്യേകമായി ക്രമീകരിക്കാറില്ല''. എന്നാണ്.