railway

തിരുവനന്തപുരം: കേരളത്തിലെ നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ രൂപമാറ്റത്തിന്റെ പാതയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ളത് സംസ്ഥാനത്തെ 34 സ്റ്റേഷനുകളാണ്. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, എറണാകുളം തുടങ്ങിയ സ്റ്റേഷനുകള്‍ വിമാനത്താവള മാതൃകയിലാണ് രൂപമാറ്റത്തിന് തയ്യാറെടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ള സ്റ്റേഷനാണ് കൊച്ചുവേളിയും. പക്ഷേ സ്റ്റേഷന്‍ മട്ടും ഭാവവും മാറ്റാനൊരുങ്ങുമ്പോഴും യാത്രക്കാര്‍ നേരിടുന്ന പല അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഇന്നും പരിഹാരമായിട്ടില്ല.

കേരളത്തില്‍ നിന്ന് ഏറ്റവും അധികം ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്ന സ്റ്റേഷനാണ് കൊച്ചുവേളി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്ന ആയിരക്കണക്കിന് ആളുകള്‍ ട്രെയിന്‍ ഇറങ്ങുന്ന സ്റ്റേഷനും ഇത് തന്നെ. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സ്റ്റേഷന്‍ കേരളത്തിലാണെന്നും തിരുവനന്തപുരത്ത് ആണെന്നും മനസ്സിലാക്കാന്‍ വേണ്ടി തിരുവനന്തപുരം നോര്‍ത്ത് എന്ന് പേര് മാറ്റാനിരിക്കുകയാണ്. അധികം വൈകാതെ കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് എന്ന് അറിയപ്പെടും.

കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനായ തിരുവനന്തപുരം സെന്‍ട്രലില്‍ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം കൂട്ടുകയോ വികസിപ്പിക്കുകയോ ചെയ്യുക സ്ഥലപരിമിതി കൊണ്ട് ഇനി സാദ്ധ്യമല്ല. അങ്ങനെ നോക്കുമ്പോള്‍ വന്‍കിട വികസന പദ്ധതികളുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചുവേളി സ്റ്റേഷനില്‍ ഭാവിയില്‍ വന്‍ വികസനം തന്നെ ഉണ്ടാകാനിടയുണ്ട്. ഒരുപക്ഷേ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനേക്കാള്‍ വികസിക്കാന്‍ സാദ്ധ്യതയുണ്ട്. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടെ ട്രെയിന്‍ ഇറങ്ങിയാല്‍ കാത്തിരിക്കുന്നത് ബുദ്ധിമുട്ടുകളുടെ ഘോഷയാത്രയാണ്.

ബസ് സൗകര്യം ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്‌നം. നിലവിലെ സാഹചര്യത്തില്‍ പ്രതിദിനം 7000ല്‍ അധികം യാത്രക്കാര്‍ ഉപയോഗിക്കുന്ന ഈ സ്‌റ്റേഷനിലേക്ക് കണക്റ്റിവിറ്റിക്കായി സര്‍വീസ് നടത്തുന്നത് വെറും രണ്ട് ബസുകള്‍ മാത്രമാണ്. പരിഹാരമാര്‍ഗമായ കൊച്ചുവേളി- തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സര്‍ക്കുലര്‍ ബസ് സര്‍വീസ് എന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ആവശ്യത്തിന് ബസ് സര്‍വീസുകള്‍ ഇല്ലാത്തത് കാരണം ഇവിടേക്ക് എത്തുന്ന യാത്രക്കാര്‍ അസമയത്ത് പോലും പെരുവഴിയിലാണ്.

റെയില്‍വേയും കെഎസ്ആര്‍ടിസിയും പല തവണ ചര്‍ച്ച നടത്തിയിട്ടും കൊച്ചുവേളി റെയില്‍വേ സ്റ്റേഷനെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ പോലും ഭാഗമാക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. കൊച്ചുവേളിയില്‍ നിന്നു ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്ത് എത്താന്‍ നഗരത്തില്‍ നിന്ന് ബസുകളില്ലെന്നതും വലിയ പ്രതിസന്ധിയാണ്. പലപ്പോഴും 200 രൂപ മുതല്‍ മുകളിലേക്കാണ് ഓട്ടോറിക്ഷക്കാര്‍ നഗരത്തില്‍ നിന്നു സ്റ്റേഷനിലെത്താന്‍ ഈടാക്കുന്നതെന്ന ആക്ഷേപമുണ്ട്. എസി ബസ് ഒഴിവാക്കി ഇലക്ട്രിക് ബസിന്റെ ചെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് സഹായമാകും.

2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്റ്റേഷന്റെ വളര്‍ച്ച മുരടിക്കാനുള്ള പ്രധാന കാരണം ബസ് സൗകര്യമില്ലാതെ പോയതാണ്. ഇപ്പോള്‍ 6 പ്ലാറ്റ്‌ഫോമുകളാണു സ്റ്റേഷനിലുള്ളത്. അറ്റകുറ്റപ്പണിക്കുള്ള ഒരു പിറ്റ്ലൈനും സ്റ്റേബിളിങ് ലൈനും മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഇവിടെ നിര്‍മിക്കാനുണ്ട്. അത് കൂടി വന്നു കഴിഞ്ഞാല്‍ കൂടുതല്‍ ട്രെയിനുകള്‍ ലഭിക്കും. എന്നാല്‍ കൂടുതല്‍ ട്രെയിനുകള്‍ ലഭിക്കുന്ന മുറയ്ക്ക് കണക്റ്റിവിറ്റി സൗകര്യം കൂടി മെച്ചപ്പെടുത്തിയില്ലെങ്കില്‍ അധികം വൈകാതെ ഈ റെയില്‍വേ സ്റ്റേഷനെ സാധാരണക്കാര്‍ ഉപേക്ഷിക്കും.