
പ്രൊവിഡൻസ് : ചേസിംഗിൽ ചെറുതായൊന്ന് പതറിയെങ്കിലും പാപ്പുവ ന്യൂഗിനയയ്ക്ക് എതിരായ ട്വന്റി-20 ലോകകപ്പ് മത്സരത്തിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസിന് അഞ്ചുവിക്കറ്റ് വിജയം. 137 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് ഒരോവർ ബാക്കിനിൽക്കേയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടത്.
ആദ്യ ബാറ്റിംഗിനിറങ്ങിയ പാപ്പുവ ന്യൂഗിനിയ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്‌ടത്തിലാണ് 136 റൺസ് നേടിയത്. സെസെ ബാവു അർദ്ധസെഞ്ച്വറി നേടി. 43 പന്തുകളിൽ ആറുഫോറും ഒരു സിക്സുമടക്കമാണ് ബാവു 50 റൺസ് നേടിയത്. വിൻഡീസിനായി അൽസാരി ജോസഫും ആന്ദ്രേ റസലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടിക്കിറങ്ങിയ വിൻഡീസിന് ഓപ്പണർ ജോൺസൺ ചാൾസിനെ (0) തുടക്കത്തിലേ നഷ്ടമായി. തുടർന്ന് നിക്കോളാസ് പുരാനും (27) ബ്രാൻഡൻ കിംഗും (34) ചേർന്ന് മുന്നോട്ടുനയിച്ചു.ഒൻപതാം ഓവറിൽ നിക്കോളാസ് പുരാനും പത്താം ഓവറിൽ കിംഗും കൂടാരം കയറി. ക്യാപ്‌ൻ റോവ്‌മാൻ പവൽ (15), റുതർഫോർഡ് (2) എന്നിവരും കൂടി പുറത്തായതോടെ വിൻഡീസ് 16 ഓവറിൽ 96/5 എന്ന നിലയിലായി. തുടർന്നിറങ്ങിയ ആന്ദ്രേ റസലിനെ (15*) ക്കൂട്ടി റോസ്റ്റൺ ചേസാണ് (27 പന്തുകളിൽ 42 റൺസ്) ടീമിനെ വിജയത്തിലെത്തിച്ചത്.