
ന്യൂയോർക്ക്: ബോയിംഗിന്റെ ' സ്റ്റാർലൈനർ" പേടകത്തിന്റെ മാറ്റിവച്ച വിക്ഷേപണം ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 8.22ന് ഫ്ലോറിഡയിലെ കേപ് കനാവെറലിൽ നടക്കുമെന്ന് നാസ അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) മനുഷ്യരെ വഹിച്ചുള്ള സ്റ്റാർലൈനറിന്റെ ആദ്യ യാത്രയാണിത്. ഇന്ത്യൻ വംശജയായ സുനിത വില്യംസ്, അമേരിക്കൻ സഞ്ചാരി ബച്ച് വിൽമോർ എന്നിവരാണ് സ്റ്റാർലൈനറിലെ യാത്രികർ. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ ദൗത്യമാണിത്. പേടകത്തിന്റെ വിക്ഷേപണം ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക തകരാർ മൂലം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. ഐ.എസ്.എസിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി മാറാനാണ് സ്റ്റാർലൈനറിലൂടെ ബോയിംഗ് ലക്ഷ്യമിടുന്നത്. ഇലോൺ മസ്കിന്റെ സ്പേസ് എക്സാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ കമ്പനി.