e

ന്യൂഡൽഹി: ഏകാധിപത്യത്തിനെതിരെ പോരാട്ടം തുടരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മദ്യനയക്കേസിൽ ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ ജയിലിലേക്ക് തിരികെ പോകുന്നതിന് മുമ്പ് ദീൻദയാൽ ഉപാദ്ധ്യായ മാർഗിലെ ആംആദ്മി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതി നടത്തിയതിന് അല്ല തന്നെ ജയിലിലടച്ചത്. ഏകാധിപത്യത്തിനെതിരെ ശബ്‌ദമുയർത്തിയതു കൊണ്ടാണ്. കോഴ ആരോപണത്തിൽ ഒരു രൂപ പോലും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സമ്മതിച്ചിട്ടുണ്ട്. താൻ പഠിച്ച കള്ളനെന്നാണ് മോദി പറയുന്നത്.

രാജ്യത്തെ രക്ഷിക്കാനാണ് താൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. മോദി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യാജമാണ്. പ്രതിപക്ഷത്തെ പാർട്ടി പ്രവർത്തകരെ വിഷാദത്തിലാക്കാനാണ് ഈ കളികൾ. ബി.ജെ.പി വീണ്ടും സർക്കാർ രൂപീകരിക്കാൻ പോകുന്നില്ല. വോട്ടെണ്ണൽ ദിനത്തിൽ ജാഗ്രത പുലർത്തണം. ഹനുമാൻ സ്വാമി ഏകാധിപത്യത്തെ നശിപ്പിക്കും. എന്നാണ് തിരികെയെത്തുന്നതെന്ന് അറിയില്ലെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.