
ഗയാന: ഐസിസി ട്വന്റി 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസിന് വിജയത്തുടക്കം. ദുര്‍ബലരായ പിഎന്‍ജിയോട് ഒരോവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്‍മാര്‍ വിജയിച്ചത്. ചെറിയ സ്‌കോര്‍ പടുത്തുയര്‍ത്തിയ ശേഷം വിന്‍ഡീസിനെ വിറപ്പിച്ച ശേഷമാണ് അവര്‍ കീഴടങ്ങിയത്. ഒരവസരത്തില്‍ പിഎന്‍ജി അട്ടിമറി ജയം നേടുമോയെന്ന സംശയം പോലും ഉയര്‍ന്നിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെയുള്ള റോസ്റ്റണ്‍ ചെയ്‌സിന്റെ ബാറ്റിംഗാണ് അവരെ രക്ഷിച്ചത്.
സ്‌കോര്‍ പിഎന്‍ജി 136-8 (20), വെസ്റ്റിന്‍ഡീസ് 137-5 (19)
വിജയലക്ഷ്യം പിന്തുടര്‍ന്ന കരീബിയന്‍ പടയെ ഞെട്ടിച്ച് ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സ് 0(1) ആദ്യ പന്തില്‍ പുറത്തായി. ബ്രാന്റണ്‍ കിംഗ് 34(29), നിക്കോളസ് പൂരന്‍ 27(27) എന്നിവര്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയെങ്കിലും വിക്കറ്റ് കളയാതെ മുന്നോട്ട് പോയി. ഇരുവരും പുറത്തായതോടെ സ്‌കോര്‍ 63ന് മൂന്ന് എന്ന നിലയിലായി. പിന്നീട് ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ 15(14), ഷെര്‍ഫെയ്ന്‍ റുതര്‍ഫോഡ് 2(7) എന്നിവരും മടങ്ങിയപ്പോള്‍ സ്‌കോര്‍ 16 ഓവറില്‍ അഞ്ച് വിക്കറ്റിന് 97 എന്ന നിലയിലായി.
അവസാന നാലോവറില്‍ ജയിക്കാന്‍ 40 റണ്‍സ് വേണമെന്ന സ്ഥിതിയിലായി. 17ാം ഓവറില്‍ ഒമ്പത് റണ്‍സ് കൂടി വിന്‍ഡീസ് നേടി. 18ാം ഓവറില്‍ 18 റണ്‍സ് നേടിയതോടെ ജയം രണ്ട് ഓവറില്‍ 13 എന്ന നിലയിലേക്ക് മാറി. ശേഷിച്ച സ്‌കോര്‍ 19ാം ഓവറില്‍ നേടിയതോടെ വിന്‍ഡീസ് പിഎന്‍ജി ഉയര്‍ത്തിയ ഭീഷണിയെ മറികടക്കുകയും ചെയ്തു. റോസ്റ്റണ്‍ ചെയ്‌സ് 42*(27), ആന്ദ്രെ റസല്‍ 15*(9) എന്നിവര്‍ പുറത്താകാതെ നിന്നു. പിഎന്‍ജിക്ക് വേണ്ടി ക്യാപ്റ്റന്‍ അസദ് വാല രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത പിഎന്‍ജി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 136 റണ്‍സ് നേടിയത്. 43 പന്തുകളില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സ് നേടിയ സെസെ ബൗ ആണ് അവരുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ അസദ് വാല 21(22), വിക്കറ്റ് കീപ്പര്‍ കിപ്ലിന്‍ ഡോറിഗ 27*(18) ചാള്‍സ് അമിനി 12(14) എന്നിവരാണ് സ്‌കോര്‍ നൂറ് കടത്തിയത്. വെസ്റ്റിന്‍ഡീസിന് വേണ്ടി ആന്ദ്രെ റസല്‍, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അഖീല്‍ ഹൊസൈന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഗൂഡകേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.