money

കൊച്ചി: കോടികളുടെ കണക്കുമായി മുന്നേറുന്ന മലയാള സിനിമാവ്യവസായത്തില്‍ രേഖകളില്ലാതെ ഒഴുകുന്ന കോടികളുടെ മറവില്‍ തട്ടിപ്പുകളും വഞ്ചനയും പലവിധം. തിയേറ്ററിലെത്താത്ത സിനിമകളില്‍പ്പോലും തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും ഇരകള്‍ നിയമനടപടിക്ക് തയ്യാറായിട്ടില്ല. സൂപ്പര്‍ഹിറ്റായ 'മഞ്ഞുമ്മല്‍ ബോയ്സി'ലൂടെ പുറത്തുവന്നത് ഇവയിലൊന്ന് മാത്രം.

നിര്‍മ്മാണത്തിന് പുറമേ അഭിനയമോഹം ചൂഷണം ചെയ്തും സാമ്പത്തിക തട്ടിപ്പുകള്‍ പതിവാണ്. രേഖകളും കരാറുമില്ലാതെയുള്ള ഇടപാടുകളില്‍ ഇരകള്‍ക്ക് പരാതി നല്‍കാന്‍ കഴിയാത്തതാണ് തട്ടിപ്പുകള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് സിനിമാസംഘടനാഭാരവാഹികള്‍ പറയുന്നു. സമ്പന്നരായ പ്രവാസികളും വ്യവസായികളുമാണ് മുഖ്യമായും ഇരയാകുന്നത്. പണം നല്‍കിയാല്‍ നിര്‍മ്മാണ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങളോ കോടികളോ വാങ്ങിക്കും.

പലരില്‍ നിന്നും പണം വാങ്ങുന്ന നിര്‍മ്മാതാവിന് ചെറിയ മുതല്‍മുടക്കേ വേണ്ടിവരൂ. ചിത്രം വിജയിച്ചില്ലെങ്കില്‍ മുടക്കുമുതല്‍ പങ്കാളിക്ക് നഷ്ടമാകും. വിജയിച്ചാല്‍ പോലും ചിലപ്പോള്‍ മുടക്കുമുതല്‍ കിട്ടില്ലെന്ന സ്ഥിതിയുമുണ്ട്. വാക്കാലുള്ള ഇടപാടായതിനാല്‍ പരാതിപ്പെടാനുമാകില്ല. അഭിനയം,തിരക്കഥ,ഛായാഗ്രഹണം തുടങ്ങിയ മോഹങ്ങളുമായെത്തുന്നവരെ തട്ടിപ്പിനിരയാക്കുന്നതില്‍ ചില സാങ്കേതികപ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്നാണ് ആക്ഷേപം.

സാറ്റലൈറ്റിലും തട്ടിപ്പ്

റിലീസ് ചെയ്യാന്‍ കഴിയാതിരുന്ന സിനിമയുടെ നിര്‍മ്മാതാവിന് ചാനലിലെ സംപ്രേഷണാവകാശം ഒന്നരക്കോടി രൂപയ്ക്ക് വിറ്റുതരാമെന്നാണ് ചെന്നൈയിലെ ഏജന്റ് ഉറപ്പുനല്‍കിയത്. രണ്ടുലക്ഷം രൂപ വാങ്ങിപ്പോയ മലയാളിയായ ഏജന്റിനെ പിന്നെ കണ്ടിട്ടില്ല. ചാനലില്‍ അന്വേഷിച്ചപ്പോള്‍ അറിയില്ലെന്ന് മറുപടി.

സംവിധായകനും കുടുങ്ങി

സ്വന്തം കമ്പനിയുടെ പേരില്‍ പാലക്കാട് സ്വദേശി നിര്‍മ്മിച്ച് സംവിധാനം ചെയ്ത സിനിമ വിതരണക്കാരന്‍ തട്ടിയെടുത്തത് ഈയിടെയാണ്. രണ്ട് സുഹൃത്തുക്കളും പണം മുടക്കി. വിതരണാവകാശം വാങ്ങിയയാള്‍ സ്റ്റുഡിയോയില്‍ നിന്ന് സിനിമ ഹാര്‍ഡ് ഡിസ്‌കിലാക്കി. രണ്ട് തിയേറ്ററില്‍ രണ്ട് ഷോ മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. രജിസ്റ്റര്‍ ചെയ്ത സ്ഥാപനമില്ലാത്ത വിതരണക്കാരനെതിരെ പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുകയാണ് സംവിധായകന്‍.

കരാറും രേഖയുമില്ലാതെ പണം മുടക്കുന്നവര്‍ തട്ടിപ്പിനിരയാകാറുണ്ട്. വ്യക്തമായ കരാറില്ലാതെയുള്ള ഇടപാടുകളില്‍ നടപടി സ്വീകരിക്കാനാകില്ല. - സജി നന്ത്യാട്ട്, ജനറല്‍ സെക്രട്ടറി കേരള ഫിലിം ചേംബര്‍