
ലിസ്ബൺ: തെക്കൻ പോർച്ചുഗലിൽ എയർ ഷോയിലെ പ്രകടനത്തിനിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റുമാരിൽ ഒരാൾ കൊല്ലപ്പെട്ടു. ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.35ന് (പ്രാദേശിക സമയം വൈകിട്ട് 4.05) ബേജ എയർപോർട്ടിലായിരുന്നു അപകടം. സോവിയറ്റ് കാലഘട്ടത്തിൽ രൂപകല്പന ചെയ്ത യാകൊവ്‌ലെവ് യാക് - 52 മോഡൽ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് എയർ ഷോ നിറുത്തിവച്ചു. അപകടത്തിന്റെ കാരണമോ രണ്ടാമത്തെ വിമാനത്തിലെ പൈലറ്റ് സുരക്ഷിതനാണോ എന്നും വ്യക്തമല്ല.
അപകടത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മറ്റ് നാല് വിമാനങ്ങളും കൂട്ടിയിടി സമയം ആകാശത്തുണ്ടായിരുന്നു. പോർച്ചുഗീസ് എയർഫോഴ്സിന്റെ എയറോബാറ്റിക് ഗ്രൂപ്പായ ' യാക് സ്റ്റാർസി'ലെ അംഗങ്ങളായിരുന്നു ഈ വിമാനങ്ങളെല്ലാം.