lorry

പാലക്കാട്: തൃശൂർ-പാലക്കാട് ദേശീയപാതയിൽ ചിതലിയിൽ സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഇടിയെതുടർന്ന് ലോറി തലകീഴായി മറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി. ബംഗളൂരുവിൽ നിന്നും വരികയായിരുന്നു സ്വകാര്യബസ്. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് വിവരം. പുലർച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. യഥാർത്ഥ അപകട കാരണം വ്യക്തമല്ല. സ്വകാര്യബസിന്റെ മുൻവശത്തെ ചില്ല് തകർന്നിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് പാലക്കാട് ചെമ്മണാംപതി-മുതലമട റോഡിലും ട്രക്ക് അപകടം ഉണ്ടായിരുന്നു. ഇടുക്ക്പാറ കുണ്ടൻ തോടിന് സമീപം കാറും പിക്കപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. ഉച്ചയ്ക്ക് ശേഷം 3 മണിയോടെ മുച്ചംകുണ്ട് തെങ്ങിൻ തോപ്പിൽ കള്ളെടുക്കാനായി പോകുന്ന പിക്കപ്പ് വാനും മുച്ചംകുണ്ട് ഫൈവ്സ്റ്റാർ ക്വാറിയിൽ നിന്നും വന്ന കിയ കാറുമാണ് കൂട്ടിയിടിച്ചത്. വെള്ളിനേഴി തിരിവാഴിയൂർ സ്വദേശി സമേഷാണ് പിക്കപ്പ് വാൻ ഓടിച്ചത്. ഫൈവ് സ്റ്റാർ ക്വാറി ജീവനക്കാരനായിരുന്ന സജിത്ത് മേനോനാണ് കാറിലുണ്ടായിരുന്നത്. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ പൂർണമായും പിക്കപ്പ് വാൻ ഭാഗികമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിന്റെ ടയറുകൾ ഊരി തെറിച്ചു. കൊല്ലങ്കോട് പൊലീസ് സ്ഥലം സന്ദർശിച്ച് കേസെടുത്തു