aap

ന്യൂഡൽഹി: ഇടക്കാല ജാമ്യ കാലാവധി അവസാനിച്ച് ജയിലിലേക്ക് തിരികെ പോകും മുൻപ് പാർട്ടിയിലും സ‌ർക്കാരിലും നിർണായക മാറ്റം വരുത്തി അരവിന്ദ് കേജ്‌രിവാൾ. ആം ആദ്‌മി പാർട്ടിയിലെ രണ്ടാം നിര നേതാക്കൾക്ക് കൺവീനറായ അദ്ദേഹം സർക്കാരിന്റെയും പാർട്ടിയുടെയും ചുമതലകൾ നൽകി. എന്നാൽ ഭാര്യ സുനിത കേജ്‌രിവാൾ തൽക്കാലം സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്ന് നിർദ്ദേശം നൽകി. ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ ജയിലിലേക്ക് തിരികെ പോകുന്നതിന് മുമ്പ് ദീൻദയാൽ ഉപാദ്ധ്യായ മാർഗിലെ ആംആദ്മി പാർട്ടി ആസ്ഥാനത്ത് യോഗശേഷമാണ് നിർണായക തീരുമാനമുണ്ടായത്.

അതേസമയം രാജ്യസഭാംഗവും പാർട്ടി വക്താവുമായ സഞ്‌ജയ് സിംഗിന് ചുമതലകൾ നൽകിയിട്ടില്ല. സർക്കാരിന്റെ ഭരണ ഏകോപന ചുമതല മന്ത്രി അതിഷി മർലെനയ്‌ക്കാണ്. പാർട്ടിയുടെ നിയന്ത്രണ ചുമതല സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥക്കിനാണ്. മന്ത്രി സൗരഭ് ഭരദ്വാജും പഥക്കിന് സഹായത്തിനുണ്ടാകും.

അതേസമയം ഏകാധിപത്യത്തിനെതിരെ പോരാട്ടം തുടരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജയിലിലേക്ക് മടങ്ങും മുൻപ് ദീൻദയാൽ ഉപാദ്ധ്യായ മാർഗിലെ ആംആദ്മി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

അഴിമതി നടത്തിയതിന് അല്ല തന്നെ ജയിലിലടച്ചത്. ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതു കൊണ്ടാണ്. കോഴ ആരോപണത്തിൽ ഒരു രൂപ പോലും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സമ്മതിച്ചിട്ടുണ്ട്. താൻ പഠിച്ച കള്ളനെന്നാണ് മോദി പറയുന്നത്. രാജ്യത്തെ രക്ഷിക്കാനാണ് താൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. മോദി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ വ്യാജമാണ്. പ്രതിപക്ഷത്തെ പാർട്ടി പ്രവർത്തകരെ വിഷാദത്തിലാക്കാനാണ് ഈ കളികൾ.

ബി.ജെ.പി വീണ്ടും സർക്കാർ രൂപീകരിക്കാൻ പോകുന്നില്ല. വോട്ടെണ്ണൽ ദിനത്തിൽ ജാഗ്രത പുലർത്തണം. ഹനുമാൻ സ്വാമി ഏകാധിപത്യത്തെ നശിപ്പിക്കും. എന്നാണ് തിരികെയെത്തുന്നതെന്ന് അറിയില്ലെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

മദ്യനയക്കേസിൽ ജൂൺ ഒന്നുവരെ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം നീട്ടണമെന്ന കേജ്‌രിവാളിന്റെ അപേക്ഷ സുപ്രീംകോടതി രജിസ്‌ട്രി സ്വീകരിക്കാൻ തയ്യാറാകാതെയിരുന്നതോടെയാണ് ഡൽഹി മുഖ്യമന്ത്രി വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വന്നത്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്‌ച കൂടി ജാമ്യം നീട്ടിത്തരണമെന്ന് നേരത്തെ സുപ്രീംകോടതിയോട് കേജ്‌രിവാൾ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി രജിസ്‌ട്രിയെയോ വിചാരണക്കോടതിയെയോ സമീപിക്കാൻ ആവശ്യപ്പെട്ട് കോടതി അപേക്ഷ തള്ളി. തുടർന്ന് രജിസ്‌ട്രിയെ സമീപിച്ചെങ്കിലും ജാമ്യം നീട്ടിക്കിട്ടിയില്ല.