
ലക്‌നൗ: അമിത ലഹരിയിൽ മോഷണം നടത്താനിറങ്ങിയ കള്ളൻ കൈയോടെ പിടിയിലായി. ഉത്തർ പ്രദേശിലെ ലക്‌നൗവിൽ ഗാസിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. അമിത ലഹരിയിൽ ഡോക്‌ടറുടെ വീട്ടിൽ മോഷണത്തിന് കയറിയ കള്ളൻ ലഹരിമൂത്തതോടെ ഇവിടെക്കിടന്ന് ഉറങ്ങിപ്പോയി. അടഞ്ഞുകിടന്ന വീട് തുറന്നതായി കണ്ട അയൽക്കാർ പുലർച്ചെ പൊലീസിൽ അറിയിച്ചതോടെ കള്ളൻ കുടുങ്ങി.
ഇന്ദിരാ നഗർ സെക്‌ടർ-20ൽ ഡോ.സുനിൽ പാണ്ഡെയുടേതാണ് വീട്. ബാൽറാംപൂരിലെ ആശുപത്രിയിൽ ജോലിനോക്കുന്ന ഇദ്ദേഹം ഇപ്പോൾ വാരാണസിയിലാണ്. അടഞ്ഞുകിടക്കുകയായിരുന്ന വീട് തുറക്കുകയും സാധനങ്ങൾ വാരിവലിച്ചിടുകയും ചെയ്‌തിരിക്കുന്നത് ശ്രദ്ധയിൽപെട്ട അയൽവാസികൾ ഉടൻ ഗാസിപൂർ പൊലീസിനെ അറിയിച്ചു. പൊലീസെത്തിയപ്പോൾ കപിൽ എന്ന് പേരുള്ള കള്ളൻ വീട്ടിനുള്ളിൽ സുഖമായുറങ്ങുന്നത് കണ്ടു. ഉറക്കംവിട്ടുണർന്ന കള്ളനെ അപ്പോൾതന്നെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
വീട്ടിലെ ജലവിതരണ പമ്പിൽ തകരാർ വരുത്തുകയും വീട്ടിലെ ബാറ്ററി ഇളക്കിയെടുക്കാൻ ശ്രമിക്കുകയും ചെയ്‌ത മോഷ്‌ടാവ് ലഹരിമൂത്ത് ഉറങ്ങിപ്പോയെന്ന് ഗാസിപൂർ എസ്.എച്ച്.ഒ വികാസ് റായി അറിയിച്ചു.
മാസങ്ങൾക്ക് മുൻപും ഉത്തർപ്രദേശിൽ സമാനമായ സംഭവമുണ്ടായിരുന്നു. മോഷണത്തിനായി വീട്ടിലെത്തിയ കള്ളൻ അടുക്കളയിൽ കിടന്നുറങ്ങുന്നത് വീട്ടുകാർ കണ്ടെത്തുകയായിരുന്നു. കാൺപൂരിലെ കൃഷ്‌ണവിഹാർ ഏരിയയിലെ വീട്ടിലെ അടുക്കളയിലാണ് ദീപക് ശുക്ള എന്ന മോഷ്‌ടാവ് മദ്യലഹരിയിൽ ഉറങ്ങിപ്പോയത്. ഇയാളുടെ കൂടെവന്നവർ സാധനങ്ങളുമായി കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചിരുന്നു. പ്രതിയെ ഉടൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.