aavesham

വിഷു റിലീസായി എത്തി വൻഹിറ്റായി മാറിയ ഫഹദ് ഫാസിൽ ചിത്രമാണ് 'ആവേശം'. രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശത്തിന്റെ ആഗോള കളക്ഷൻ 150കോടിയാണ്. 66 കോടിയാണ് കേരളത്തിൽ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തത്. ഫഹദ് ഫാസിലിന്റെ കരിയരിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും ആവേശം മാറിയിരുന്നു. ഇപ്പോഴിതാ ആവേശം എന്ന ചിത്രത്തിെക്കുറിച്ച് നടി കനി കുസൃതി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

'ആവേശം എന്ന ചിത്രം എനിക്ക് ഒരു പാട് ഇഷ്ടമായി. ഫഹദ് ഫാസിൽ അതിഗംഭീരമായി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ നല്ലൊരു സ്ത്രീ കഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. ഞാൻ ആ ജെൻഡറിൽ നിന്നുള്ള ആളായതുകൊണ്ടാവാം. എന്നാൽ ട്രാൻസ്‌ജെൻഡർ, ട്രാൻസ്‌‌മെൻ, ട്രാൻസ്‌വുമൺ എന്നിങ്ങനെ പല ജെൻഡറുകളുമുണ്ട്. അവർക്കൊന്നും ഒരു കഥാപാത്രവും എഴുതിയിട്ടില്ല. സ്ത്രീകൾക്ക് വല്ലപ്പോഴുമെങ്കിലും ഒരു കഥാപാത്രം കിട്ടുന്നുണ്ടല്ലോ. പുരുഷൻമാരേക്കാൾ സ്ത്രീകൾക്ക് കഥാപാത്രങ്ങൾ കുറവാണ് കിട്ടുന്നതെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ചിലർക്കൊന്നും സിനിമയിലേയ്ക്ക് എത്താൻ പോലും കഴിയുന്നില്ല. സിനിമയിലേയ്ക്ക് വിളിക്കുന്നില്ല എന്ന് പറയുന്നതുപോലും പ്രിവിലേജ് ആണ്'- കനി കുസൃതി വ്യക്തമാക്കി.

പാലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാൻ ചലച്ചിത്ര മേളയിൽ തണ്ണിമത്തൻ ആകൃതിയുള്ള ബാഗുമായി നടിയും മോഡലുമായ കനി കുസൃതി എത്തിയത് അന്താരാഷ്ട്രതലത്തിൽവരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കനിയ്‌ക്കൊപ്പം നടി ദിവ്യ പ്രഭയും ചേർന്നഭിനയിച്ച 'ഓൾ വി ഇമാജിൻ ആസ് ലൈ‌റ്റ്' എന്ന ചിത്രം കാൻ മേളയിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായെത്തിയപ്പോഴായിരുന്നു താരം തണ്ണിമത്തൻ ബാഗ് പ്രദർശിപ്പിച്ചത്. ഇക്കാര്യത്തെക്കുറിച്ച് ആരോടും ചർച്ച ചെയ്തിരുന്നില്ലെന്ന് നടി പറഞ്ഞിരുന്നു. സിനിമയുടെ ടീമിനോടുപോലും ബാഗിനെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നും താരം വെളിപ്പെടുത്തി.

'സിനിമയിലെ സഹപ്രവ‌ർത്തകർക്ക് ടെൻഷൻ ആകുമോയെന്ന് കരുതിയാണ് തണ്ണിമത്തൻ ബാഗിനെക്കുറിച്ച് അവരോടുപോലും പറയാതിരുന്നത്. എന്റെമാത്രം ഉത്തരവാദിത്തത്തിൽ ഇരിക്കട്ടെ എന്നുവിചാരിച്ചു. ചലച്ചിത്രമേളയിൽ എത്തിയപ്പോൾ എന്റെ സിനിമയുടെ ഫ്രഞ്ച് നിർമാതാക്കൾ പാലസ്‌തീൻ പതാകയുടെ സ്റ്റിക്കർ നൽകിയിരുന്നു. സഹപ്രവർത്തകരിൽ ചിലർ സ്റ്റിക്കറുകൾ ഫോണിന്റെ പുറത്തുവശത്ത് ഒട്ടിക്കുകയും ചെയ്തിരുന്നു'-കനി പറഞ്ഞു.