
ന്യൂഡൽഹി: ഉപഭോക്താക്കളോട് പുതിയ ആവശ്യവുമായി ഫുഡ് ഡെലിവെറി ആപ്പായ സൊമാറ്റോ. അത്യാവശ്യമാണെങ്കിൽ മാത്രമേ ഉച്ചസമയങ്ങളിൽ ഭക്ഷണം ഓർഡർ ചെയ്യാവൂവെന്നാണ് സൊമാറ്റോയുടെ ആവശ്യം. ഡൽഹി ഉൾപ്പടെയുളള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പടുന്ന കടുത്ത ചൂടിനെ തുടർന്നാണ് പുതിയ നീക്കം.
കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക എക്സ് പേജിൽ സൊമാറ്റോ പുതിയ ആവശ്യവുമായി എത്തിയത്. സൊമാറ്റോ ജീവനക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണിത്. പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ തരത്തിലുളള പ്രതികരണങ്ങൾ വരുന്നുണ്ട്.
pls avoid ordering during peak afternoon unless absolutely necessary 🙏
— zomato (@zomato) June 2, 2024
ഈ വർഷം രാജ്യത്ത് കൊടുചൂടിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 56 ആയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്ക്. മേയ് മാസം മാത്രം മരിച്ചത് 46 പേരാണ്. മദ്ധ്യപ്രദേശിലാണ് കൂടുതൽ മരണങ്ങൾ (14) സംഭവിച്ചത്. മഹാരാഷ്ട്രയിൽ 11ഉം ആന്ധ്രാപ്രദേശിൽ അഞ്ചും മരണങ്ങളുണ്ടായി. ഉഷ്‌ണതരംഗവുമായി ബന്ധപ്പെട്ട് മേയിൽ 19189 പേർ ചികിത്സ തേടിയെന്ന് നാഷണൽ സെന്റർ ഫോർ ഡീസിസസ് കൺട്രോൾ ശേഖരിച്ച കണക്കുകളിലുണ്ട്.
എന്നാൽ, പുറത്തുവന്ന കണക്കുകളിൽ ഉത്തർപ്രദേശ്, ബീഹാർ, ഡൽഹി എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ മരണങ്ങളെ കുറിച്ച് പരാമർശമില്ല. ഇതും കൂടി ചേരുമ്പോൾ മരണകണക്ക് ഇനിയുമുയരാം. മരണം നൂറു കടന്നുവെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഉത്തരേന്ത്യയിൽ ഉൾപ്പെടെ അത്യുഷ്ണം നിലനിൽക്കുന്ന സാഹചര്യവും, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള നടപടികളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ അവലോകനം ചെയ്‌തു.
ഉത്തർപ്രദേശിൽ കൊടുചൂടിനെ തുടർന്ന് അസുഖ ബാധിതരായ 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് മരിച്ചത്. ഉത്തർപ്രദേശിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നവ്ദീപ് റിൻവയാണ് ഇക്കാര്യമറിയിച്ചത്. ഒരു വോട്ടർ മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്നാണ് അറിയിച്ചത്.