കുറച്ചു വർഷം മുമ്പ്, അമ്മയുടെ തമിഴ്നാട് യാത്രയ്ക്കിടയിൽ സുനാമിയിൽ വീടും ബന്ധുക്കളും നഷ്ടപ്പെട്ടവർക്കായി അരിയും വസ്ത്രങ്ങളും മറ്റും നൽകുകയായിരുന്നു. വളരെ പ്രായംചെന്ന ഒരാൾ അമ്മയുടെ അടുത്തെത്തി. അമ്മ നല്കിയ സാധനങ്ങൾ കൈയിൽ കിട്ടിയതും ആ പാവം വാവിട്ടുകരഞ്ഞു. കരയുന്നതിനിടയിൽ 'ദൈവമേ, ഞാനിത് ആർക്കു കൊടുക്കാനാണ്? ഇതു വാങ്ങിച്ച് ആഹാരം വച്ചുതരാൻ എനിക്കിനി ആരാണുള്ളത്"എന്ന് പറയുന്നുണ്ടായിരുന്നു. സുനാമിയിൽ അയാളുടെ വീട് തകരുകയും ഉറ്റവരെല്ലാം മരിക്കുകയും ചെയ്തിരുന്നു. ആ കരച്ചിൽ മനസ്സിൽ നിന്ന് പിന്നീടൊരിക്കലും മാഞ്ഞുപോയില്ല.
പ്രകൃതി ദുരന്തങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. നമ്മുടെ വീട്, ഭാര്യ അല്ലെങ്കിൽ ഭർത്താവ് , സമ്പത്ത്, കുട്ടികൾ.... എല്ലാം ഏതു നിമിഷവും നഷ്ടമാകാം. കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് മനുഷ്യൻ നിർമ്മിച്ച കൂറ്റൻ സൗധങ്ങൾ പ്രകൃതിക്ഷോഭത്തിൽ ചീട്ടുകൊട്ടാരംപോലെ തകർന്നുവീഴുന്നത് നമ്മൾ കാണുന്നു. മനുഷ്യപ്രയത്നത്തിന്റെ പരിമിതിയെയാണ് ഇതു കാണിക്കുന്നത്. പ്രശസ്തരായ ധാരാളം ശാസ്ത്രജ്ഞർ ലോകമെമ്പാടും ഉണ്ടായിരുന്നിട്ടും അവർക്കാർക്കും സുനാമി പ്രവചിക്കാൻ കഴിഞ്ഞില്ല. അഥവാ പ്രവചിക്കാൻ കഴിഞ്ഞാലും തടയുവാൻ കഴിയുമായിരുന്നില്ല.
അഹങ്കാരംകൊണ്ട് അന്ധനാകുമ്പോൾ മനുഷ്യന് ധർമ്മബോധം നഷ്ടമാകുന്നു. അതോടെ അവൻ സ്വാർത്ഥ ലാഭത്തിനായി പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നു. അതിന്റെ ഫലമായി പ്രകൃതിയുടെ താളലയം നഷ്ടമാകുന്നതാണ് മിക്ക പ്രകൃതി ദുരന്തങ്ങൾക്കും കാരണം. വാസ്തവത്തിൽ അവയെ നമ്മൾ ക്ഷണിച്ചു വരുത്തുകയാണ്. പ്രകൃതിയെ അമ്മയെപ്പോലെ പരിപാലിക്കാൻ മനുഷ്യൻ തയ്യാറാകാത്തിടത്തോളം കാലം ഇരുട്ടടിയെന്നപോലെ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും.
കുറ്റകരമായ ഉറക്കത്തിൽ നിന്നുണരാൻ നമ്മോട് ആവശ്യപ്പെടുന്ന അലാറമാണ് ഓരോ പ്രകൃതിദുരന്തവും. കാടുകൾ വെട്ടിനിരത്തിയും മലകൾ ഇടിച്ചു നിരത്തിയും നദികളിലെ മണൽ വാരിയും നമ്മൾ ഭൂമിയെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. കുളങ്ങളും പുഴകളും കാവുകളും കാടുകളും നശിച്ചു. ഭക്ഷ്യവസ്തുക്കളിൽപ്പോലും മനുഷ്യൻ വിഷം ചേർക്കുന്നു. ഭൂമിയിലെ മറ്റ് ജീവജാലങ്ങളെ ദയയില്ലാതെ പീഡിപ്പിക്കുന്നു. എത്ര പീഡിപ്പിച്ചാലും നമ്മളെ സ്‌നേഹിച്ചുകൊണ്ടേയിരിക്കുന്ന പ്രകൃതി മാതാവ് ഇന്ന് രോഗാതുരയാണ്. കാമധേനുവിനെപ്പോലെ സർവതും നൽകിയ ആ അമ്മ കറവ വറ്റിയ ചാവാലിപ്പശുവിനെപ്പോലെയായി.
നമ്മുടെ ഈ ജീവിതകാലത്തു തന്നെ കാലാവസ്ഥ എത്രയധികം മാറിപ്പോയി എന്നത് നമുക്ക് നിരീക്ഷിക്കാവുന്നതാണ്. ഭൂമിയെയും മണ്ണിനെയും സംരക്ഷിക്കുന്നതിനുള്ള നമ്മുടെ അലംഭാവം കാരണം കേരളത്തിലെ വൻ നഗരങ്ങൾ തന്നെ വെള്ളപ്പൊക്കത്തിൽ മുങ്ങിയത് നമ്മൾ കണ്ടു. പണ്ട് പരക്കെ കണ്ടിരുന്ന പല ജീവികളെയും പക്ഷികളെയും ഇന്ന് നമ്മുടെ നാട്ടിൽ കാണാനില്ല. ഈ ഭൂമി മനുഷ്യന്റെയും എണ്ണമറ്റ ജീവജാലങ്ങളുടെയും വാസസ്ഥാനമാണ്. അണുജീവി മുതൽ മനുഷ്യൻ വരെയുള്ള സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ട വീടാണിത്. പരന്ന ആകാശത്തിൽ നമുക്കെല്ലാം കൂടിയുള്ള ഒരേയൊരു ഗ്രഹമാണിത്. ഭൂമിയെയും പരിസ്ഥിതിയെയും വേണ്ടവണ്ണം പരിപാലിക്കാൻ ഇനിയും വൈകിക്കൂടാ.