
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായുള്ള ഒരുക്കങ്ങൾ രാഷ്ട്രപതി ഭവനിൽ ആരംഭിച്ചു. ചൊവ്വാഴ്ച വോട്ടെണ്ണലിന് മുന്നോടിയായി, രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തുന്ന വേദി അലങ്കരിക്കുന്നതിന് ആവശ്യമായ സസ്യങ്ങളും പൂക്കളും വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. 21.97 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടെൻഡർ തിങ്കളാഴ്ച തുറക്കും. കരാർ പൂർത്തിയാക്കാൻ കരാറുകാരന് അഞ്ച് ദിവസത്തെ സമയമുണ്ട്.
സത്യപ്രതിജ്ഞച്ചടങ്ങിനുള്ള ഒരുക്കങ്ങൾ കഴിഞ്ഞ ആഴ്ച മുതൽ ആരംഭിച്ചെന്നാണ് രാഷ്ട്രപതി ഭവനിലുള്ള ഉദ്യോഗസ്ഥർ പറയുന്നത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് ചടങ്ങിന്റെ മേൽനോട്ടം വഹിക്കുന്നത്. അതിനിടെ, രാജ്യത്തുടനീളമുള്ള പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എംപിമാരുടെ യാത്ര, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ട്രാൻസിറ്റ് പോയിന്റുകളിലെ വരവ്, താമസ സൗകര്യം എന്നിവ സുഗമമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ലോക്സഭാ സെക്രട്ടേറിയറ്റ് നടത്തുന്നുണ്ട്.
അടുത്ത സർക്കാർ അധികാരത്തിലേറുന്ന ചടങ്ങ് ആഘോഷമാക്കാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം. ഔദ്യോഗിക സത്യപ്രതിജ്ഞ നടക്കുന്ന അതേ ദിവസം തന്നെ ഭാരത് മണ്ഡപത്തിലോ കർത്തവ്യ പാതയിലോ ബിജെപിയുടെ രാഷ്ട്രീയ പരിപാടി നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മൂന്നാം വിജയം ചരിത്ര സംഭവമാക്കി മാറ്റാനാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമുള്ള ആഘോഷ/സാംസ്‌കാരിക പരിപാടികൾ എന്താണെന്ന് ഇതുവരെ അന്തിമമാക്കിയിട്ടില്ല. സത്യപ്രതിജ്ഞ ചടങ്ങ് ജൂൺ 9 ന് നടക്കുമെന്നാണ് വിവരം.
അതേസമയം, രാജ്യത്ത് മൂന്നാമതും മോദി തരംഗമെന്ന് വ്യക്തമായ സൂചനകൾ നൽകിക്കൊണ്ടാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും എന്നാൽ, സീറ്റുകൾ തൂത്തുവാരുന്നത് യുഡിഎഫ് ആയിരിക്കുമെന്നും പ്രവചനമുണ്ട്. നാനൂറിലേറെ സീറ്റുകൾ ലക്ഷ്യംവച്ച ബിജെപി മുന്നൂറ്റി അൻപതിലേറെ സീറ്റുകൾ നേടി തുടർച്ചയായ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്നാണ് മിക്ക സർവേ ഫലങ്ങളിലും പറയുന്നത്.
അതേസമയം കോൺഗ്രസിന് 2019ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ കിട്ടുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാളിൽ സിപിഎം കോൺഗ്രസ് സഖ്യത്തിന് ഒരു സീറ്റുപോലും കിട്ടില്ല. തൃണമൂലിനെ പിന്നിലാക്കി ബിജെപിയായിരിക്കും അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് മൂന്നു സർവെകളിൽ പറയുന്നു. കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളാകും എൻഡിഎ വിജയത്തിന്റെ അടിത്തറ. യുപിയും എൻഡിഎയ്ക്ക് അനുകൂലമാണ്. ഡൽഹിയിൽ കോൺഗ്രസ് ആംആദ്മി പാർട്ടി സഖ്യത്തെ മറികടന്ന് ബിജെപി ഏഴു സീറ്റും നിലനിറുത്തുമെന്നും പ്രവചനമുണ്ട്.