jobs-

അബുദാബി: അടുത്ത കാലത്തായി യുവാക്കൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ജോലികളിൽ ഒന്നാണ് കാബിൻ ക്രൂ. ആകാശത്തുള്ള ജോലിയും ഉയർന്ന ശമ്പളവും തന്നെയാണ് യുവാക്കൾ ഈ ജോലി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. ഇപ്പോഴിതാ ലോക കാബിൻ ക്രൂ ദിനത്തോട് അനുബന്ധിച്ച് ഒരുപാട് ഒഴിവുകളിലേക്ക് നിയമനം നടത്താൻ ഒരുങ്ങുകയാണ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിഹാദ് എയർവേയ്സ്. ഈ വരുന്ന വെള്ളിയാഴ്ചയാണ് ലോക കാബിൻ ക്രൂ ദിനം.

കമ്പനിയുടെ വളർച്ച ലക്ഷ്യമിട്ട് 1000 ഒഴുവുകളിലേക്കാണ് നിയമനം. ഈ വർഷം അവസാനത്തോടെ നിയമനം പൂർണമായും നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ വർഷം ഇതിനോടകം തന്നെ ആയിരത്തോളം കാബിൻ ക്രൂ അംഗങ്ങളെ കമ്പനി നിയമിച്ചു കഴിഞ്ഞു. കമ്പനിയുടെ ഭാഗമാകാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് careers.etihad.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. കൂടാതെ വിവിധ സ്ഥലങ്ങളിൽ കമ്പനി സംഘടിപ്പിക്കുന്ന ഓപ്പൺ ഡേ പരിപാടിയിൽ പങ്കെടുക്കാനും ഉദ്യോഗാർത്ഥികൾക്ക് അവസരമുണ്ട്.

അബുദാബി, ദുബായ്, ഏഥൻസ്, അന്റാലിയ, മലാഗ, മാഞ്ചസ്റ്റർ, കോപ്പൻഹേഗൻ, വിയന്ന, സിംഗപ്പൂർ, നൈസ്, ഡബ്ലിൻ, ആംസ്റ്റർഡാം, ബ്രസൽസ്, ഡസൽഡോർഫ്, മിലാൻ, ജോഹന്നാസ്ബർഗ്, കേപ്ടൗൺ, കൊളംബോ, ജയ്പൂർ എന്നിവിടങ്ങളിൽ ജൂൺ മുതൽ ഓപ്പൺ ഡേകൾ നടക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിലൂടെ ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ നേരിട്ടോ ഓൺലൈനായോ അഭിമുഖം നടത്തി വിലയിരുത്തും.

വിജയികളായ ഉദ്യോഗാർത്ഥികൾക്ക് എയർലൈനിന്റെ ആസ്ഥാനത്തോട് ചേർന്നുള്ള ഇത്തിഹാദ് ഏവിയേഷൻ ട്രെയിനിംഗിന്റെ സയിദ് കാമ്പസിലെ വിപുലമായ പരിശീലനത്തിൽ പങ്കെടുപ്പിക്കും. അതുകൊണ്ട് തന്നെ പ്രവൃത്തി പരിചയം നിർബന്ധമല്ലെന്ന് കമ്പനി അറിയിച്ചു. എത്തിഹാദിൽ നിലവിൽ 112 രാജ്യങ്ങളിൽ നിന്നുള്ള കാബിൻ ക്രൂ അംഗങ്ങൾ ജോലി ചെയ്യുന്നുണ്ട്.