
പാലക്കാട്: ബാർകോഴ വിവാദത്തിൽ പ്രതിപക്ഷം തുരുമ്പിച്ച ആയുധവുമായാണ് സർക്കാരിനെ നേരിട്ടതെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. സർക്കാർ പ്രവർത്തിക്കുന്നത് കൂട്ടുത്തരവാദിത്തത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ബാർകോഴ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചത്.
'ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈ കടത്തിയിട്ടില്ല. സർക്കാർ പ്രവർത്തിക്കുന്നത് കൂട്ടുത്തരവാദിത്തത്തോടെയാണ്. മറിച്ചുള്ള പ്രചരണം ചിലരുടെ വ്യാമോഹം മാത്രമാണ്. ബാർകോഴ വിവാദത്തിൽ പ്രതിപക്ഷം തുരുമ്പിച്ച ആയുധവുമായാണ് സർക്കാരിനെ നേരിട്ടത്. ബാർ കോഴ ആരോപണമുയർന്ന് പത്ത് മിനിറ്റിനുള്ളിൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷം പോലും കരുതിയില്ല. പ്രതിപക്ഷം കുറച്ചുക്കൂടി നല്ല ആയുധങ്ങളുമായി വരട്ടെ അപ്പോൾ നോക്കാം'- എം ബി രാജേഷ് പറഞ്ഞു.
ഡ്രൈ ഡേ ഒഴിവാക്കലടക്കം മദ്യനയത്തിൽ ഇളവ് കിട്ടണമെങ്കിൽ ഓരോ ബാറുടമയും രണ്ടര ലക്ഷം രൂപ വീതം നൽകണമെന്ന സംഘടനാ നേതാവിന്റെ വാട്സ് ആപ്പ് സന്ദേശമാണ് ബാർകോഴ വിവാദത്തിന് വഴിതുറന്നത്. സംഭവത്തിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന നേതാക്കളിൽ നിന്നും മൊഴിയെടുത്തു. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സെക്രട്ടറി പത്മദാസ്, ട്രഷറർ ബിനോയ് ജോസഫ് എന്നിവരുടെ മൊഴിയാണ് കൊച്ചിയിൽ രേഖപ്പെടുത്തിയത്. സംസ്ഥാന പ്രസിഡന്റ് വി.സുനിൽകുമാറിന്റെ മൊഴി അടുത്ത ദിവസമെടുക്കും.
അതേസമയം, തിരുവനന്തപുരത്ത് സംഘടനയുടെ ആസ്ഥാന മന്ദിരത്തിനായി വാങ്ങാൻ തീരമാനിച്ച സ്ഥലത്തിന്റെ രജിസ്ട്രേഷൻ മാറ്റിവച്ചു. ഉടമയിൽ നിന്ന് ലീഗൽ ഹെയർഷിപ് (നിയമപരമായ പിന്തുടർച്ചാവകാശം) സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് കാരണമെന്നാണ് വിവരം.