rekha

ആരാധകർക്കിടയിൽ ഇപ്പോഴും മീനുക്കുട്ടിയായി അറിയപ്പെടുന്നതിന് കാരണം മോഹൻലാലാണെന്ന് നടി രേഖ. സിനിമയെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്ന സമയത്താണ് അഭിനയരംഗത്തേക്ക് വരുന്നതെന്ന് താരം പറഞ്ഞു. അടുത്തിടെ തീയേറ്ററുകളിലെത്തിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ അനുവദിച്ച ഒരു അഭിമുഖത്തിലാണ് രേഖ മോഹൻലാലിനെക്കുറിച്ച് പറഞ്ഞത്.

'പഠനമൊക്കെ കഴിഞ്ഞ സമയത്താണ് ഞാൻ ലാൽ സാറിനൊപ്പം അഭിനയിക്കുന്നത്. സിനിമയിൽ നിന്നും ഒരുതരത്തിലുളള അനുഭവവും ഇല്ലാത്ത വ്യക്തിയായിരുന്നു ഞാൻ. അമ്മയോടൊപ്പം ലൊക്കേഷനുകളിൽ പോകും. സംവിധായകർ പറയുന്നത് ചെയ്യും. അത്ര മാത്രമായിരുന്നു. അഭിനയിച്ചതൊക്കെ സ്‌ക്രീനിൽ കാണുമ്പോൾ അതിശയപ്പെടാറുണ്ടായിരുന്നു. ഒട്ടുമിക്ക നല്ല സംവിധായകരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.പക്ഷെ ആ സമയങ്ങളിൽ മലയാളം നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു. സുരേഷ്‌ഗോപി സാറിന്റെ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിൽ മാത്രമാണ് ഞാൻ ഡബ് ചെയ്ത് അഭിനയിച്ചത്. അത് മലയാളവും തമിഴും കലർന്ന രീതിയിലായിരുന്നു.

ലാൽ സാർ കംപ്ലീ​റ്റ് ആക്ടറാണ്. വെറുതെയല്ല അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നത്. സാറിന്റെ കൺപീലി വരെ അഭിനയിക്കും. അതുകാണുമ്പോൾ കൂടെ അഭിനയിക്കുന്നവരും നന്നായി അഭിനയിക്കും. ഒരു ഷോട്ട് എടുക്കുന്നതിന് മുൻപ് ലൊക്കേഷനിലുളളവരോട് അദ്ദേഹം തമാശ പറയുകയും ചിരിക്കുകയും ചെയ്യും. അതു കാണുമ്പോൾ ഞാനും ചിരിക്കാറുണ്ടായിരുന്നു. ലാൽ സാർ കുട്ടികളെ പോലെയാണ് ലൊക്കേഷനിൽ പെരുമാറിയിരുന്നത്. പക്ഷെ ഷോട്ടെടുക്കുമ്പോൾ അദ്ദേഹത്തിന്റെ അഭിനയം കണ്ട് എല്ലാവരും അതിശയിക്കുമായിരുന്നു.

ദശരഥം,എയ് ഓട്ടോ അതിലൊക്കെ ഞാൻ നന്നായി അഭിനയിച്ചതിനുകാരണം സംവിധായകനും നിർമാതാവും ലാൽ സാറുമാണ്. ഇന്നും മീനുക്കുട്ടിയായി അറിയപ്പെടുന്നതിന് കാരണം ലാൽ സാറാണ്. ഇതുവരെ അഭിനയിച്ച സിനിമകളിൽ ദശരഥമാണ് ഇഷ്ട ചിത്രം.ആ സമയത്ത് ഞാൻ വിവാഹം കഴിച്ചിരുന്നില്ല. അതിലൊരു സീൻ ചെയ്യുന്ന സമയത്ത് കുട്ടിയെ എടുക്കുന്ന ഭാഗമുണ്ട്. ഞാനെടുക്കുമ്പോൾ കുട്ടി കരയും. പക്ഷെ ലാൽ സാർ എടുക്കുമ്പോൾ കരയില്ല. അതിന് എനിക്ക് ലാൽ സാറിനോട് അസൂയ തോന്നിയിട്ടുണ്ട്. മിക്ക സമയങ്ങളിലും ഞങ്ങൾ ട്രെയിനിലാണ് ലൊക്കേഷനിലേക്ക് പോയിക്കൊണ്ടിരുന്നത്. അപ്പോൾ ചിലർ വന്നു അഭിനയം കൊളളാമായിരുന്നുവെന്ന് പറയും. അപ്പോൾ ലാൽ സാർ അവരോട് പറയും മോൾക്ക് അഭിനയത്തിന് ക്രിട്ടിക്സ് അവാർഡ് കിട്ടിയുട്ടുണ്ടെന്ന്'- രേഖ പറഞ്ഞു. ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലാണ് രേഖ അവസാനമായി അഭിനയിച്ചത്.