zudio

ഡിസ്‌കൗണ്ട് സെയ്ല്‍, വിലക്കുറവ് തുടങ്ങിയ വാക്കുകള്‍ കേട്ടാല്‍ മലയാളി വീഴും എന്നത് ഒരു കച്ചവട തന്ത്രമാണ്. വാങ്ങുന്ന സാധനത്തിന്റെ ഗുണമേന്മപോലും നോക്കാതെ വിലക്കുറവില്‍ വീണ് പോകുന്നവരെന്ന ചീത്തപ്പേരുമുണ്ട് മലയാളിക്ക്. എന്നാല്‍ കുറഞ്ഞ വിലയ്ക്ക് നല്ല സാധനം നല്‍കിയാല്‍ മലയാളി മാത്രമല്ല ഏതൊരു മനുഷ്യനും ഒരു പരസ്യത്തിന്റെ പോലും പിന്‍ബലമില്ലാതെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുമെന്ന് തെളിയിക്കുകയാണ് ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ സുഡിയോ എന്ന സംരംഭത്തിലൂടെ.

ഇന്ത്യയില്‍ 95 ശതമാനത്തില്‍ അധികം പേരും വസ്ത്രം വാങ്ങാന്‍ പോകുമ്പോള്‍ പ്രധാനമായും പരിഗണിക്കുന്ന ഘടകം വിലക്കുറവാണ്. ഇത് തന്നെയാണ് സുഡിയോയിലൂടെ ടാറ്റ യാഥാര്‍ത്ഥ്യമാക്കിയതും. കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള തുണിത്തരങ്ങള്‍, അതും അമ്പരപ്പിക്കുന്ന ഫാഷന്‍ അപ്‌ഡേറ്റിലൂടെ. ഈ ഐഡിയ സാധാരണക്കാരനിലേക്കെത്താന്‍ ഒരുപാട് പരസ്യം ചെയ്യേണ്ടി വരില്ലേയെന്നും അതും കൂടി ചേര്‍ത്ത് സാധാരണക്കാരന്‍ നല്‍കേണ്ടിവരില്ലേയെന്നുമാണ് സംശയമെങ്കില്‍ സുഡിയോയുടെ പരസ്യം ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും കാണാന്‍ കഴിയില്ല.

2016ല്‍ ബംഗളൂരുവിലാണ് ആദ്യത്തെ സുഡിയോ ഔട്ട്‌ലെറ്റ് ആരംഭിച്ചത്. പിന്നീട് ടയര്‍ 2,3 നഗരങ്ങളിലേക്കും സ്റ്റോറുകള്‍ വ്യാപിപ്പിച്ചു. ആദ്യത്തെ രണ്ടുവര്‍ഷം സുഡിയോയുടെ വളര്‍ച്ച പതുക്കെയായിരുന്നു. ഏഴ് സ്റ്റോറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുറഞ്ഞ വില ക്ലിക്കായെന്ന് മനസിലായതോടെചെറിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സ്റ്റോറുകള്‍ തുറന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 119 സ്റ്റോറുകള്‍ തുറന്നു. ഇന്ന് ഇന്ത്യയിലാകെ 545 സ്‌റ്റോറുകളാണ്. സുഡിയോ വളരുമ്പോള്‍ ഓരോ മിനിറ്റിലും 90 ടി-ഷര്‍ട്ടുകളാണ് വില്‍പ്പന നടക്കുന്നതെന്ന് ട്രെന്‍ഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.

3,298 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദം ടാറ്റ ട്രെന്റ് നേടിയ വരുമാനം. വസ്ത്രവിപണിയില്‍ മാന്ദ്യം പ്രതീക്ഷിച്ച സമയത്തും ട്രെന്റ് പോസിറ്റീവായി തുടരുന്നതിന് ഒറ്റക്കാരണം സുഡിയോ ആണ്. വാര്‍ഷിക വരുമാന വളര്‍ച്ച 53 ശതമാനം. ലാഭത്തിലുണ്ടായ വര്‍ധന 1200 ശതമാനം. ആകെ നേടിയ ലാഭം 712 കോടി രൂപ. ട്രെന്റിന്റെ അനുബന്ധ സ്ഥാപനമായ ബുക്കര്‍ ഇന്ത്യ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഫിയോറ ഹൈപ്പര്‍മാര്‍ക്കറ്റ് ലിമിറ്റഡിന്റെ കീഴിലാണ് സുഡിയോ പ്രവര്‍ത്തിക്കുന്നത്.

ഇത്രയും കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തിയിട്ടും സുഡിയോ ലാഭത്തിലാണ്. സാധാരണക്കാരും വസ്ത്രത്തിന് വേണ്ടി അധികം പണം ചിലവഴിക്കാത്തവരുമാണ് സുഡിയോയുടെ പ്രധാന കസ്റ്റമേഴ്‌സ് എന്നതാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. അതോടൊപ്പം പരസ്യം നല്‍കുന്നതിന് പകരം മൗത്ത് പബ്ലിസിറ്റിയാണ് കൂടുതല്‍ ഗുണകരമെന്ന സ്ട്രാറ്റജിയും ഗുണം ചെയ്തു. ഒരാളുടെ വാക്ക് കേട്ട് പത്ത് പേരെങ്കിലും പുതിയതായി സ്റ്റോറില്‍ എത്തുന്നുവെന്നതാണ് വിജയമന്ത്രം.