cricket

ന്യൂയോര്‍ക്ക്: ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തുടക്കം. ശ്രീലങ്ക ഉയര്‍ത്തിയ 78 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റുകളും 3.4 ഓവറുകളും ബാക്കിനില്‍ക്കെയാണ് പ്രോട്ടീസ് മറികടന്നത്. നാലോവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആന്റിച്ച് നോര്‍ക്യയുടെ ബൗളിംഗ് മികവാണ് ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞത്.

സ്‌കോര്‍: ശ്രീലങ്ക 77-10 (19.1), ദക്ഷിണാഫ്രിക്ക 80-4 (16.2)

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക വളരെ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സാഹചര്യം മുതലെടുത്ത ശ്രീലങ്കന്‍ ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞുവെങ്കിലും വിജയിക്കാന്‍ പോന്ന ഒരു സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിയാത്തത് വിനയായി. ക്വിന്റണ്‍ ഡി കോക്ക് 20(27), റീസ ഹെന്‍ഡ്രിക്‌സ് 4(2), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 12(14), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 13(28) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

ഹെയ്ന്റിച്ച് ക്ലാസന്‍ 19*(22), ഡേവിഡ് മില്ലര്‍ 6*(6) എന്നിവര്‍ പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ വാണിന്ദു ഹസരംഗ രണ്ട് വിക്കറ്റും, ദസുണ്‍ ഷണക, നുവാന്‍ തുഷാര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ ബാറ്റിംഗ് നിര ഒന്നടങ്കം കളി മറക്കുകയായിരുന്നു. കുശാല്‍ മെന്‍ഡിസ് 19(30), കാമിന്ദു മെന്‍ഡിസ് 11(15), എയ്ഞ്ചലോ മാത്യൂസ് 16(16) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്ന് പേര്‍ പൂജ്യത്തിന് പുറത്തായി. ആന്റിച്ച് നോര്‍ക്യയുടെ നാല് വിക്കറ്റ് പ്രകടനത്തിന് പുറമേ കാഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഒട്‌നീല്‍ ബാര്‍ട്മാന്‍ ഒരു വിക്കറ്റും വീഴ്ത്തി.