f

അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസിക്ക് ഗ്രാൻഡ് പ്രൈസായി ലഭിച്ചത് 10 മില്യൺ ദിർഹം. (22 കോടിയിലേറെ ഇന്ത്യൻ രൂപ). ഇറാൻ സ്വദേശിയായ ഹുസൈൻ അഹമ്മദ് ഹാഷിമിക്കാണ് ​ബിഗ് ടിക്കറ്റിന്റെ 263-ാമത് സീരീസിന്റെ നറുക്കെടുപ്പിൽ കോടികളുടെ സമ്മാനം ലഭിച്ചത്.

ദുബായിലാണ് ഇദ്ദേഹം താമസിക്കുന്നത്. മേയ് 26നാണ് ഇദ്ദേഹം സമ്മാനർഹമായ ടിക്കറ്റ് വാങ്ങിയത്. 200781 എന്ന ടിക്കറ്റ് നമ്പരിനാണ് സമ്മാനം. കഴിഞ്ഞ തവണത്തെ ഗ്രാൻഡ് പ്രൈസ് വിജയിയായ രമേഷാണ് സമ്മാനർഹമായ ടിക്കറ്റ് നറുക്കെടുപ്പ് വേദിയിൽ വച്ച് തിരഞ്ഞെടുത്തത്. സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികൾ നറുക്കെടുപ്പ് വേദിയിൽ വച്ച് ഹുസൈനെ വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല.

അടുത്ത നറുക്കെടുപ്പ് ജൂലായ് മൂന്നിന് നടക്കും. ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. അടുത്ത നറുക്കെടുപ്പിലും 10 മില്യൺ ദിർഹമാണ് സമ്മാനം. ഇത് കൂടാതെ പത്ത് പേർക്ക് 100000 ദിർഹം വീതം നേടാനുമാകും. ഡ്രീം കാർ ടിക്കറ്റുകളും ഭാ​ഗ്യാന്വേഷികൾക്ക് വാങ്ങാം. 150 ദിർഹമാണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒന്ന് ഫ്രീ ആയി ലഭിക്കും. ഓ​ഗസ്റ്റ് മൂന്നിനാണ് ഡ്രീം കാർ നറുക്കെടുപ്പ്.