rajeev-taroor

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവെ രാജ്യം തന്നെ ഉറ്റുനോക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ. ആദ്യം ശശി തരൂർ മുന്നിട്ട് നിന്നെങ്കിലും ഇപ്പോൾ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നിട്ട് നിൽക്കുകയാണ്. പോസ്‌റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുന്നത്.

2024 ലോക്സഭ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നാണ് തിരുവനന്തപുരത്ത് നടന്നത്. ഹാട്രിക് തികച്ച ശശി തരൂരിനെ നേരിടാന്‍ എത്തിയത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മുന്‍ എംപി പന്ന്യന്‍ രവീന്ദ്രനും. കേരളത്തില്‍ ബിജെപി വിജയപ്രതീക്ഷ വയ്ക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ തൃശൂർ കഴിഞ്ഞാൽ അടുത്തത് തിരുവനന്തപുരമാണ്.

ഇത്തവണ തിരുവനന്തപുരം മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 14,03,281 ആയിരുന്നു.ഇതിൽ 7,27,469 സ്ത്രീകളും 6,75,771 പുരുഷന്മാരുമായിരുന്നു. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ പാര്‍ലമെന്റ് മണ്ഡലത്തിലുണ്ട്. കഴക്കൂട്ടം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നിവ. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളില്‍ ശക്തമായ ത്രികോണമല്‍സരം ഉണ്ടായെങ്കിലും ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. 1952 മുതല്‍ നടന്ന 18 ലോക്സഭാ തിര‍ഞ്ഞെടുപ്പുകളില്‍ ഒന്‍പതിലും ജയിച്ചത് കോണ്‍ഗ്രസാണ്. രണ്ട് ഹാട്രിക് വിജയങ്ങളും അതിലുള്‍പ്പെടും. 1984, 89, 91 തിരഞ്ഞെടുപ്പുകളില്‍ എ.ചാള്‍സും 2009, 2014, 2019 വര്‍ഷങ്ങളില്‍ ശശി തരൂരും തുടര്‍ച്ചയായി മൂന്ന് വട്ടം തിരഞ്ഞെടുക്കപ്പെ‌ട്ടു.

എന്നാൽ ഇത്തവണ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ എത്തിയതോടെ കാര്യങ്ങൾ യുഡിഎഫിന് ദുഷ്‌‌കരമാവുകയായിരുന്നു.