modi

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. രാമക്ഷേത്ര പ്രതിഷ്‌ഠാ ചർച്ചകൾ ഉയർത്തി ബിജെപി സീറ്റ് ഉറപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നുമാണിത്. ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമെന്ന നിലയിലും ഏറെ രാഷ്‌ട്രീയ പ്രാധാന്യം യുപിക്കുണ്ട്. ഏഴ് ഘട്ടങ്ങളിലായി ശക്തമായ പോരാട്ടമാണ് സംസ്ഥാനത്തുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം രാജ്യത്തെ രാഷ്ട്രീയ പ്രമുഖർ മത്സരിക്കുന്ന സംസ്ഥാനമായതിനാൽ യുപി ലൈംലൈറ്റിൽ മുന്നിലുണ്ട്. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് എന്നിവരാണ് സംസ്ഥാനത്ത് മത്സരിക്കുന്ന മറ്റ് പ്രമുഖർ.

ഉത്തർപ്രദേശ് എൻഡിഎക്കൊപ്പമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ത്യ സഖ്യം‌ തള്ളിയിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇന്ത്യാ സഖ്യം 41 സീറ്റിലും എൻഡിഎ 38 സീറ്റിലും ലീഡ് ചെയ്യുകയാണ്. റായ് ബറേലിയിൽ 1,​01481 വോട്ടിന് രാഹുൽ മുന്നിലുണ്ട്. വരാണസിയിൽ മോദി 16​9924 വോട്ടിന് ലീഡ് ചെയ്യുന്നു. അമേഠിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ 60,​750 വോട്ടിനും മുന്നിലുണ്ട്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സംസ്ഥാനത്തെ മൊത്തം 80 ലോക്‌സഭാ സീറ്റുകളിൽ 62 എണ്ണവും തൂത്തുവാരിയിരുന്നു. അന്ന് സഖ്യകക്ഷികളായിരുന്ന സമാജ്‌വാദി പാർട്ടിയും ബിഎസ്‌പിയും അഞ്ച് സീറ്റ്, പത്ത് സീറ്റ് എന്നിങ്ങനെയും നേടി. ഇത്തവണ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും എൻഡിഎ സഖ്യത്തിനൊപ്പം ചേർന്നാണ് തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. ബിഎസ്‌പി സ്വന്തം നിലയിലും മത്സരിക്കുന്നു.

കോൺഗ്രസ് ചരിത്രപരമായി കുടുംബാധിപത്യം ഉറപ്പിക്കുന്ന സീറ്റുകളാണ് അമേഠിയും റായ്‌ ബറേലിയും. കോൺഗ്രസിന് ഈ രണ്ട് സീറ്റുകളിലെ വിജയം അഭിമാനപ്രശ്‌നം കൂടിയാണ്. കഴിഞ്ഞ തവണ ബിജെപിയുടെ സ്‌മ‌ൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുൽ ഇത്തവണ കിഷോരി ലാലിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ്. വോട്ടെണ്ണൽ പുരോഗമിക്കവേ റായ്ബറേലിൽ രാഹുൽ ഗാന്ധി മുന്നിലാണ്. സംസ്ഥാനത്തെ 17 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ എസ് പി 62 സീറ്റുകളിലും മത്സരിക്കുന്നു.