elections-2024

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കേരളത്തില്‍ അച്ചട്ടായി സംഭവിക്കുന്നതാണ് വോട്ടെണ്ണല്‍ മൂന്ന് മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ കാണാനാകുന്നത്. 20 മണ്ഡലങ്ങളിലെ ഫലസൂചന പുറത്ത് വരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് 2019ലെ സ്ഥിതി ഏറെക്കുറേ നിലനിര്‍ത്തുന്നു. കഴിഞ്ഞ തവണത്തേതിന് സമാനമായി ഒറ്റ സീറ്റിലേക്ക് സിപിഎം ഒതുങ്ങുകയാണ്. വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുന്നുവെന്നതാണ് സവിശേഷമായ മറ്റൊരു സാഹചര്യം.

കേരളത്തില്‍ ഇത്തരമൊരു സാഹചര്യം തന്നെയാണ് ഭൂരിഭാഗം എക്‌സിറ്റ്‌പോളുകളും പ്രവചിച്ചത്. സിപിഎമ്മിന് 0-2 സീറ്റ് വരെ എന്ന നിലയിലും എന്‍ഡിഎക്ക് പരമാവധി നാല് സീറ്റും മറ്റ് സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നേറുമെന്ന പ്രവചനം ഏറെക്കുറെ യാഥാര്‍ത്ഥ്യമാകുകയാണ്.

എല്‍ഡിഎഫിന്റെ ലീഡ് ആലത്തൂരില്‍ മാത്രമായി ചുരുങ്ങിയപ്പോള്‍ തൃശൂരിലും തിരുവനന്തപുരത്തും ബിജെപി മുന്നേറുന്നു. തൃശൂരില്‍ വ്യക്തമായ ആധിപത്യമാണ് സുരേഷ് ഗോപിക്കുള്ളതെങ്കില്‍ തലസ്ഥാന മണ്ഡലത്തില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ശശി തരൂരും തമ്മില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ലീഡ് നില മാറി മറിയുന്ന തിരുവനന്തപുരത്ത് 2000ന് അടുത്ത് വോട്ടുകളുടെ മേല്‍ക്കൈയാണ് രാജീവ് ചന്ദ്രശേഖറിന് ഉള്ളത്. കഴിഞ്ഞ തവണ യുഡിഫ് ഈ ഘട്ടത്തില്‍ 20,000ല്‍പ്പരം വോട്ടുകളുടെ ലീഡ് നേടി സമയത്താണ് ബിജെപി മുന്നേറ്റം.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തുന്ന വിധി വരുമ്പോഴാണ് കേരളത്തില്‍ 100ശതമാനത്തോട് അടുത്ത് എക്‌സിറ്റ് പോള്‍ എക്‌സാറ്റ് പോളായി മാറിയിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളിയ സിപിഎം നേതൃത്വത്തെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന വലിയ തിരിച്ചടിയാണ്. കേരളത്തില്‍ കഴിഞ്ഞ തവണ ശബരിമല ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യമുണ്ടായിരുന്നെങ്കില്‍ ഇത്തവണ അത്തരം സാഹചര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ തിരിച്ചടി ഇടത് മുന്നണി പ്രതീക്ഷിച്ചതുമല്ല.