result

മുംബയ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവന്ന് രണ്ടര മണിക്കൂർ പിന്നിടുമ്പോൾ മഹാരാഷ്ട്രയിൽ എൻഡിഎയും ഇന്ത്യാ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. സംസ്ഥാനത്തെ 48 ലോക്‌സഭാ സീ​റ്റുകളിൽ 26ലും എൻഡിഎയാണ് ലീഡ് ചെയ്യുന്നത്. 20 സീ​റ്റുകളുമായി ഇന്ത്യാ സഖ്യവും തൊട്ടുപിന്നാലെയുണ്ട്. മഹാരാഷ്ട്രയിൽ ശിവസേനയും നാഷണൽ കോൺഗ്രസ് പാർട്ടിയും വേർപ്പെട്ടതോടെയാണ് രാഷ്ട്രീയ സാഹചര്യങ്ങൾ മാറാൻ ആരംഭിച്ചത്.

നിതിൻ ഗഡ്കരി, നാരായൺ റാണെ, പിയൂഷ് ഗോയൽ, ഭാരതി പവാർ, റാവുസാഹേബ് ദൻവെ, കപിൽ പാട്ടീൽ, നവനീത് കൗർ-റാണ, ഉജ്ജ്വൽ നികം, ഡോ.ശ്രീകാന്ത് ഷിൻഡെ, ഛത്രപതി ഉദയൻരാജെ ഭോസാലെ, പവാർഡേ, സുനേത്ര തുടങ്ങിയ നിരവധി പ്രമുഖരും മത്സരരംഗത്തുണ്ട്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി 23 സീ​റ്റുകൾ നേടി വിജയം ഉറപ്പിച്ചപ്പോൾ സഖ്യകക്ഷിയായ ശിവ സേന 18 സീ​റ്റുകൾ നേടിയിരുന്നു. അതേസമയം, കോൺഗ്രസിന് ഒരു സീ​റ്റ് മാത്രമേ ലഭിച്ചിരുന്നുളളൂ. ഉത്തർപ്രദശ് കഴിഞ്ഞാൽ രാജ്യത്തെ എ​റ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളുളള രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. അതിനാൽത്തന്നെ കേന്ദ്ര സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുന്ന സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര.

അതേസമയം, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും (ടിഎംസി) ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തപാൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ബിജെപി ലീഡ് ചെയ്ത മണ്ഡലങ്ങളിൽ ലീഡുകൾ ഇപ്പോൾ മാറിമറിയുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് പ്രകാരം ബംഗാളിൽ ഇ‌ഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ ടിഎംസി സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ അഭിഷേക് ബാനർജി ഇപ്പോൾ ബിജെപി സ്ഥാനാർത്ഥി അഭിജിത് ദാസിനെക്കാൾ മുന്നിലാണ്. ഹൂഗ്ലിയിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി രചന ബാനർജി ബിജെപി സ്ഥാനാർത്ഥി ലോക്കറ്റ് ചാറ്റർജിയെക്കാൾ മുന്നിലാണ്.