elections-2024

തൃശൂര്‍: ഇടത് വലത് മുന്നണികളെ ഒരുപോലെ ഞെട്ടിക്കുന്നതാണ് തൃശൂരിലെ ബിജെപിയുടെ മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 40,000+ വോട്ടുകളുടെ ലീഡാണ് ആക്ഷന്‍ ഹീറോയ്ക്ക് തൃശൂരുകാര്‍ നല്‍കിയിരിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നത് ഇടത് ശക്തികേന്ദ്രങ്ങളിലാണെന്നതാണ് എടുത്ത് പറയേണ്ട കാര്യം. കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് വിശേഷിപ്പിച്ച കെ മുരളീധരന്റെ വരവിന് ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് മറ്റൊരു കാര്യം.

തൃശൂരിലെ മികച്ച പ്രകടനം 2019 മുതല്‍ സുരേഷ് ഗോപി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ കൂടെ ഫലമാണ്. സംസ്ഥാന നേതൃത്വവുമായി ഒരിക്കലും സുരേഷ് ഗോപി തന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നില്ല. താന്‍ കേന്ദ്ര നേതൃത്വത്തിന്റെ ചോയിസ് ആണെന്ന പ്രതീതിയുണ്ടാക്കിയാണ് സുരേഷ് ഗോപി മുന്നോട്ട് പോയത്. തൃശൂരിന് ഒരു കേന്ദ്ര മന്ത്രി മോദിയുടെ ഗ്യാരണ്ടി എന്നതാണ് തിരഞ്ഞെടുപ്പ് ചുവരെഴുത്തുകളില്‍ ആദ്യം എഴുതിച്ചേര്‍ത്ത വാചകം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന സുരേഷ്‌ഗോപിയുടെ പ്രസ്താവന സാമുധായിക സമവാക്യങ്ങള്‍ക്കും അപ്പുറമുള്ള പിന്തുണ നേടുന്നതിനും സഹായമായി. സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകാതിരുന്ന ബിജെപിയുമായി അകല്‍ച്ചപാലിച്ചിരുന്ന ക്രൈസ്തവ സമുധായത്തില്‍ നിന്ന് പോലും സുരേഷ്‌ഗോപിക്ക് പിന്തുണയുണ്ടാകുന്നതിന് കാരണമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് തവണയാണ് സുരേഷ്‌ഗോപിക്ക് വേണ്ടി തൃശൂരിലെത്തിയത്. ഇതോടെ കേന്ദ്രത്തിന്റെ സ്വന്തമാളെന്ന പ്രതീതി കൂടുതല്‍ ശക്തിപ്പെട്ടു. മകളുടെ വിവാഹത്തിനും മോദി എത്തിയതിനും രാഷ്ട്രീയ പ്രാധാന്യം കൈവന്നു. ഒരര്‍ത്ഥത്തില്‍ ദേശീയതലത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കം പോലും തൃശൂരില്‍ നിന്നായിരുന്നു.സ്ത്രീ ശക്തി സമ്മേളനവും സുരേഷ് ഗോപിക്ക് ഗ്രേസ് മാര്‍ക്കായി. തന്നില്‍ സംസ്ഥാന ബിജെപിക്ക് നിയന്ത്രണം ഒന്നുമില്ലെന്നും കേന്ദ്രത്തിന്റെ സ്വന്തം ആളാണെന്നും ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി അണികള്‍ക്കിടയിലും പ്രതീതി ഉണ്ടാക്കാനും സുരേഷ് ഗോപിക്കായി.

ലൂര്‍ദ് മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചുകൊണ്ടു ന്യൂനപക്ഷ സമൂഹത്തിന്റെ പിന്തുണയും ഉറപ്പാക്കാന്‍ കഴിഞ്ഞു. ചരിത്രത്തിലാദ്യമായി തൃശൂര്‍ പൂരവും തിഞ്ഞെടുപ്പ് വിഷയമായത് സുരേഷ് ഗോപിക്ക് അനുകൂലമായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിനെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സഹകാരി മാര്‍ച്ച് ബിജെപിക്കും എന്‍ഡിഎയ്ക്കും ഗുണകരമായി. തങ്ങള്‍ക്ക് ബാലികേറാമലയായ കേരളത്തില്‍ തൃശൂര്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപിയുടെ പടനീക്കം.

ഒപ്പം സുരേഷ്‌ഗോപിയുടെ താരപകിട്ടും ബിജെപിക്ക് ഇത്തവണ ഗുണമായി. ഒരു തവണ കൂടി തോറ്റാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന പ്രഖ്യാപനവും വൈകാരികമായി മാറി. തിരഞ്ഞെടുപ്പില്‍ നാട് ഇളക്കിയുള്ള മത്സരത്തില്‍ സ്ഥാനാര്‍ത്ഥിയെ കാണാനും സെല്‍ഫിയെടുക്കാനും ജനങ്ങള്‍ ഒത്തുകൂടി. എന്നാല്‍ ഇതെല്ലാം വോട്ടായി മാറുമോ എന്ന് ബിജെപിക്ക് തന്നെ സംശയമുണ്ടായിരുന്നുാ. ആ സംശയം ഇപ്പോള്‍ അസ്ഥാനത്തായിരിക്കുകയാണ്.സ്ത്രീകളുടെ പിന്തുണ നേടാനായതാണ് സുരേഷ് ഗോപിക്ക് അനുകൂലമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.