akhil-marar

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ഏറ്റവും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. വോട്ടെണ്ണൽ പുരോഗമിക്കവേ വൻ ലീഡുമായി എൻഡിഎയുടെ സുരേഷ് ഗോപി കുതിപ്പ് തുടരുകയാണ്. 60743 വോട്ട് ലീഡ് ഉയർത്തിയാണ് സുരേഷ് ഗോപി ശക്തി തെളിയിക്കുന്നത്. ഇതിനിടെ സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും മുൻ ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ.

'ഞാൻ ജയിക്കും എന്ന് മുൻകൂട്ടി പറഞ്ഞതും സുരേഷേട്ടൻ ജയിക്കും എന്ന് 7 മാസം മുൻപ് പറഞ്ഞതും എന്ത് കൊണ്ടാണെന്നു വച്ചാൽ സാധാരണ ജനങ്ങളുടെ മനസ് വായിക്കാൻ എനിക്കറിയാം. അപ്പൊഴെങ്ങനാ ഞാൻ വീണ്ടും സംഘി ആവുകയല്ലേ'എന്നാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ അഖിൽ മാരാർ പറയുന്നത്.

അതേസമയം,​ ഈ തിരഞ്ഞെെടുപ്പിലെ നാഷണൽ ഹീറോയാണ് സുരേഷ് ഗോപിയെന്ന് പ്രമുഖ യുട്യൂബർ മല്ലു ട്രാവലർ പറഞ്ഞു.

'സുരേഷ് ഗോപി,​ ശരിക്കും നിങ്ങൾ സിനിമയിൽ മാത്രം അല്ല ജീവിതത്തിലും നായകൻ തന്നെ. ഇടതും വലതും മാറി മാറി ട്രോളി,​ കളിയാക്കി, ഹേറ്റ്‌ ക്യാമ്പയിൻ നടത്തി. എത്രത്തൊളം ചെയ്യാൻ ആകുമൊ അത്രയും ചെയ്തു. എന്നിട്ടും നിങ്ങൾ ജയിച്ചു എങ്കിൽ നിങ്ങളാണു ഈ ഇലക്ഷനിലെ നാഷണൽ ഹീറൊ.

നിങ്ങളുടെ രാഷ്ട്രീയം എന്തും ആവട്ടെ, വരുംതലമുറ ഇത്‌ പോലെ ഉള്ളവരുടെ വിജയം കണ്ട്‌ പഠിക്കണം, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാര്യമാക്കാതെ ലക്ഷ്യ സ്ഥാനത്ത്‌ എത്തിയ റിയൽ ലെജൻഡ്'- എന്നാണ് മല്ലു ട്രാവലർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്.