elections-2024

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധി സിപിഎമ്മിന് നല്‍കുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. 2019ല്‍ ആലപ്പുഴ എന്ന ഒറ്റ സീറ്റിലൊതുങ്ങിയ ചെങ്കൊടി ഇത്തവണയും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. മന്ത്രി കെ രാധാകൃഷ്ണന്‍ മാത്രമാണ് വ്യക്തമായ മുന്നേറ്റമുണ്ടാക്കിയത്. അതില്‍ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവമാണ് വലിയൊരു ഘടകം. ഈ ജനവിധി എന്തായാലും സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് തീര്‍ച്ചയാണ്.

2019ല്‍ ശബരിമലയിലെ യുവതി പ്രവേശനം, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാനുള്ള സാദ്ധ്യത എന്നീ ഘടകങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത്തരമൊരു സാഹചര്യം കേരള രാഷ്ട്രീയത്തില്‍ ഇല്ലായിരുന്നു. സമ്പൂര്‍ണമായ രാഷ്ട്രീയ പോരാട്ടമാണ് കേരളത്തില്‍ നടന്നത്. ഇടത് വലത് മുന്നണികള്‍ മുന്നോട്ടുവച്ച രാഷ്ട്രീയം ദേശീയതലത്തില്‍ അതിനുള്ള പ്രാധാന്യം എന്നിവയാണ് വോട്ടര്‍മാര്‍ക്കിടയിലുണ്ടായ ചര്‍ച്ച. അതില്‍ ജനം സിപിഎമ്മിനെ കൈവിട്ടുവെന്നതാണ് നേര്‍ചിത്രം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ അവര്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണമാണ് പദ്മജയുടെ കളം മാറ്റത്തോടെ സിപിഎം വോട്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ ബിജെപിക്ക് തൃശൂരിലും തിരുവനന്തപുരത്തും വ്യക്തമായ മുന്നേറ്റം നല്‍കിയാണ് വോട്ടര്‍മാര്‍ പ്രതികരിച്ചത്. കേരളത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ശക്തിയായി ബിജെപി മാറുന്നുവെന്ന യാഥാര്‍ത്ഥ്യവും സിപിഎമ്മിനെ അലോസരപ്പെടുത്തും.

സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ക്കൂടിയാകും ഈ തിരഞ്ഞെടുപ്പെന്ന മുദ്രാവാക്യത്തോട് ജനം നടത്തിയ പ്രതികരണം എന്ന രീതിയില്‍ കൂടി വേണം ജനവിധിയെ വിലയിരുത്താന്‍. രണ്ടാം പിണറായി സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് കടുത്ത വിയോചിപ്പും എതിര്‍പ്പും വോട്ടിംഗില്‍ പകവീട്ടി തീര്‍ത്തുവെന്നതാണ് രാഷ്ട്രീയ യാഥാര്‍ത്ഥ്യം. സംസ്ഥാന ഭരണത്തില്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ഉള്‍പ്പെടെ സിപിഎം മാറ്റം കൊണ്ടുവരേണ്ടതുണ്ട് എന്ന സന്ദേശവും ജനവിധി നല്‍കുന്നുണ്ട്.

ഇടത് മുന്നണിക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ ബിജെപി വളരില്ലെന്ന സിപിഎം വാദം കേരളത്തിലും കടപുഴകുകയാണ്. നിയമസഭയിലെ അക്കൗണ്ട് പൂട്ടിച്ചപ്പോള്‍ ലോക്‌സഭയിലാണ് ബിജെപി കേരളത്തില്‍ നിന്ന് വിജയിച്ച് കയറിയത്. ഇത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് രാഷ്ട്രീയമായി വലിയ വെല്ലുവിളി ഉയര്‍ത്തും. സര്‍ക്കാരിനും പാര്‍ട്ടി നേതൃത്വത്തിനും ജനങ്ങളോടുള്ള സമീപനത്തിലും വലിയ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന പാഠമാണ് സിപിഎമ്മിന് ജനവിധി നല്‍കുന്നത്.