result

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി അമേത്തിയിൽ പിന്നിൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ അമേത്തിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനുമായ കിശോരി ലാൽ ശർമയാണ് 28,000 വോട്ടുകൾക്ക് മുന്നിലെത്തിയിരിക്കുന്നത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്നും മികച്ച ഭൂരിപക്ഷം നേടി വിജയിച്ച നേതാവാണ് സ്‌മൃതി ഇറാനി. കഴിഞ്ഞ തവണ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് സ്‌മൃതി ലോക്‌സഭയിലെത്തിയത്, എന്നാൽ ഇത്തവണ രാഹുൽ ഗാന്ധി അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്നാണ് ജനവിധി തേടുന്നത്. കെ എൽ ശർമയുടെ ജീവിതത്തിന്റെ കൂടുതൽ ഭാഗവും അമേത്തിയിലെ ജനങ്ങൾക്കായി മാ​റ്റി വച്ച നേതാവാണെന്നാണ് പ്രചരണ വേളയിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്.

രാവിലെ 11 മണിവരെയുളള കണക്കുകൾ പരിശോധിക്കുമ്പോൾ ഏ​റ്റവും കൂടുതൽ മണ്ഡലങ്ങളുളള സംസ്ഥാനമായ ഉത്തർപ്രദേശിലെ ഫലങ്ങൾ നിർണായകമാണ്. ഇന്ത്യാ സഖ്യവും എൻഡിഎയും തമ്മിലുളള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. പശ്ചിമ ബംഗാളിലും സമാന അവസ്ഥയാണ്. തൃണമൂൽ കോൺഗ്രസും (ടിഎംസി) ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തപാൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ബിജെപി ലീഡ് ചെയ്ത മണ്ഡലങ്ങളിൽ ലീഡുകൾ ഇപ്പോൾ മാറിമറിയുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് പ്രകാരം ബംഗാളിൽ ഇ‌ഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.