elections

തൃശൂര്‍: കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലൂടെയായിരുന്നു. 8000ല്‍ അധികം വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയെ ഒ രാജഗോപാല്‍ പരാജയപ്പെടുത്തിയത്. 2021ല്‍ മണ്ഡലം നിലനിര്‍ത്താന്‍ കുമ്മനം രാജശേഖരനെ ഇറക്കിയ ബിജെപിക്ക് അടിതെറ്റി. കെ മുരളീധരെന്റെ
എന്‍ട്രിയിലൂടെ ത്രികോണ മത്സരം നടന്ന നേമത്ത് ബിജെപി തോറ്റു. ജയിച്ചത് ശിവന്‍കുട്ടിയാണെങ്കിലും ബിജെപിക്ക് നഷ്ടമായ വോട്ടുകളില്‍ ഭൂരിഭാഗവും ഏകീകരിച്ചത് മുരളീധരനിലേക്കായിരുന്നു.

2021ലെ ഈ തോല്‍വിക്ക് കാരണക്കാരനായ കെ മുരളീധരനോടുള്ള പകവീട്ടല്‍ കൂടിയാണ് തൃശൂരിലെ ബിജെപിയുടെ വിജയം. വ്യക്തിപരമായി കെ മുരളീധരന് വലിയ തിരിച്ചടിയാണ് തൃശൂരിലെ തോല്‍വി. സഹോദരി പദ്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേരിട്ടെടുത്ത തീരുമാനമാണ് കെ മുരളീധരനെ വടകരയില്‍ നിന്ന് തൃശൂരിലേക്ക് മാറ്റുകയെന്നത്. ഈ തീരുമാനം തിരിച്ചടിയായി മാറുകയും ചെയ്തു.

വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്നപ്പോഴാണ് കഴിഞ്ഞ തവണ മുരളീധരന്‍ വടകരയിലേക്ക് മത്സരിച്ചത്. അവിടെ നിന്ന് നേമത്ത് വന്ന് മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. ഇപ്പോഴിതാ വടകരയില്‍ നിന്ന് പിതാവ് കെ കരുണാകരന്റെ തട്ടകമായ തൃശൂരിലേക്ക് വന്ന് മത്സരിച്ചപ്പോഴും തോല്‍വിയാണ് അദ്ദേഹത്തെ കാത്തിരുന്നത്. ഇനി എന്താണ് രാഷ്ട്രീയ ഭാവി എന്നതാണ് കെ മുരളീധരന്റെ മുന്നിലെ രാഷ്ട്രീയ ചോദ്യം.