
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഫലം പുറത്തുവരുമ്പോൾ വ്യക്തമായ ലീഡോടെ തൃശൂരിൽ മുന്നേറുന്ന എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി മല്ലു ട്രാവലർ. ഈ തിരഞ്ഞെടുപ്പിലെ 'നാഷണൽ ഹീറോ' ആണെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ സുരേഷ് ഗോപിയെ വിശേഷിപ്പിച്ചത്.
'സുരേഷ് ഗോപി, ശരിക്കും നിങ്ങൾ സിനിമയിൽ മാത്രം അല്ല ജീവിതത്തിലും നായകൻ തന്നെ. ഇടതും വലതും മാറി മാറി ട്രോളി, കളിയാക്കി, ഹേറ്റ് ക്യാമ്പെയിൻ നടത്തി, എത്രത്തോളം ചെയ്യാൻ ആകുമൊ അത്രയും ചെയ്തു. എന്നിട്ടും നിങ്ങൾ ജയിച്ചു എങ്കിൽ നിങ്ങളാണ് ഈ ഇലക്ഷനിലെ നാഷണൽ ഹീറൊ. നിങ്ങളുടെ രാഷ്ട്രീയം എന്തും ആവട്ടെ, വരുംതലമുറ ഇത് പോലെ ഉള്ളവരുടെ വിജയം കണ്ട് പഠിക്കണം, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാര്യമാക്കാതെ ലക്ഷ്യസ്ഥാനത്ത് എത്തിയ റിയൽ ലെജൻഡ്'- ഫേസ്‌ബുക്ക് പോസ്റ്റിൽ മല്ലു ട്രാവലർ കുറിച്ചു.
സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി സംവിധായകൻ അഖിൽ മാരാരും സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. 'ഞാൻ ജയിക്കും എന്ന് മുൻകൂട്ടി പറഞ്ഞതും സുരേഷേട്ടൻ ജയിക്കും എന്ന് 7 മാസം മുൻപ് പറഞ്ഞതും എന്ത് കൊണ്ടാണെന്നു വച്ചാൽ സാധാരണ ജനങ്ങളുടെ മനസ് വായിക്കാൻ എനിക്കറിയാം'- എന്നായിരുന്നു മാരാരുടെ കുറിപ്പ്.