modi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കെ അഞ്ച് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സമ്പൂർണ ആധിപത്യവുമായി എൻഡിഎ സഖ്യം. മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളിലെയും രാജ്യതലസ്ഥാനമായ ഡൽഹി, ആൻഡമാൻ കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഴുവൻ സീറ്റുകളിലും എൻഡിഎ മുന്നേറുകയാണ്.

എന്നാൽ, കഴിഞ്ഞ തവണ മുഴുവൻ സീറ്റിലും ബിജെപി ജയിച്ച ഗുജറാത്തിൽ ഇത്തവണ ഒരു സീറ്റിൽ കോൺഗ്രസ് മുന്നിലാണ്. ബാക്കി 25 സീറ്റിലും ബിജെപി തന്നെയാണ് മുന്നിൽ. മദ്ധ്യപ്രദേശിലെ 29 സീറ്റിലും ബിജെപിക്കാണ് ലീഡ്. 2019ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റിലായിരുന്നു ബിജെപിക്ക് വിജയം. അന്ന് നഷ്ടപ്പെട്ട, കോൺഗ്രസ് നേതാവ് കമൽ നാഥിന്റെ പരമ്പരാഗത മണ്ഡലമായ ചിന്ത്‌വാരയിലും ഇത്തവണ ബിജെപി മുന്നേറുന്നു. കമൽനാഥിന്റെ മകൻ നകുൽ നാഥിനേക്കാൾ അമ്പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി ബണ്ടി വിവേക് സാഹു മുന്നിട്ടുനിൽക്കുന്നത്.

ഡൽഹിയിലെ മുഴുവൻ സീറ്റുകളിലും ബിജെപി മുന്നിലാണ്. ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റിലും ഇത്തവണ ബിജെപി മുന്നിലാണ്. ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റിലും ഇത്തവണയും ബിജെപി ആധിപത്യം പുലർത്തുന്നു. 2014ലെയും 2019ലെയും തിരഞ്ഞെടുപ്പിലും ഉത്തരാഖണ്ഡിലെ മുഴുവൻ സീറ്റുകളും ബിജെപി നേടിയിരുന്നു. ഹിമാചൽ പ്രദേശിലെ 4 സീറ്റിലും ത്രിപുരയിലെ 2 സീറ്റിലും സിക്കിം, ആൻഡമാൻ എന്നിവിടങ്ങളിലെ ഓരോ സീറ്റിലും എൻഡിഎ വ്യക്തമായ ആധിപത്യം തുടരുന്നുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ ഹിമാചലിലെ മുഴുവൻ സീറ്റുകളും എൻഡിഎ നേടിയിരുന്നു