
തിരുവനന്തപുരം: സിനിമയിൽ മാത്രമല്ല, ഇന്ത്യൻ രാഷ്‌ട്രീയത്തിലെ തന്നെ ഹീറോയായി മാറിയിരിക്കുകയാണ് സുരേഷ് ഗോപിയെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്‌ണകുമാർ. ചരിത്രം തിരുത്തിക്കുറിക്കുന്ന നിമിഷമാണ്. ഇന്ത്യയൊട്ടാകെ തൃശൂരിലേക്കാണ് നോക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് പാർലമെന്റിൽ സുരേഷ് ഗോപിയുടെ ശബ്‌ദമുയരാൻ പോവുകയാണെന്ന് കൃഷ്‌ണ കുമാർ പ്രതികരിച്ചു.
കൃഷ്‌ണകുമാറിന്റെ വാക്കുകൾ-
''കൊല്ലത്തെ കണക്ക് ഇപ്പോൾ പറയണ്ട. ചരിത്രം തിരുത്തിക്കുറിക്കുന്ന നിമിഷമാണ്. കാരണം എന്താണെന്ന് വച്ചാൽ, താമര വിരിയില്ല എന്ന് പറഞ്ഞിടത്ത് താമര വിരിയിക്കുന്നത് സുരേഷേട്ടനാണ്. ബിജെപി പ്രവർത്തകൻ എന്ന നിലയ‌്ക്ക് അത്യന്തം സന്തോഷം നൽകുന്ന നിമിഷമാണ്. ഇന്ത്യയൊട്ടാകെ തൃശൂരിലേക്കാണ് നോക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് പാർലമെന്റിൽ ശബ്‌ദമുയരാൻ പോകുന്നു.
പ്രേമചന്ദ്രൻ വലിയ ഭൂരിപക്ഷത്തിൽ മുന്നോട്ടു പോവുകയാണ്. ബിജെപിയുടെ വോട്ട് എത്രത്തോളം കൂട്ടാൻ പറ്റുമെന്നതായിരുന്നു എന്റെ ശ്രമം. അതിൽ പാർട്ടിയോട് വളരെ നന്ദിയുണ്ട്. 10 ശതമാനം മാത്രം വോട്ടുള്ള മണ്ഡലത്തിലേക്ക് അയക്കുമ്പോൾ എന്നിൽ പാർട്ടിക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. സിനിമയിൽ മാത്രമല്ല, ഇന്ത്യൻ രാഷ്‌ട്രീയത്തിലെ തന്നെ ഹീറോയായി മാറിയിരിക്കുകയാണ് സുരേഷേട്ടൻ''.
ഏറ്റവും ഒടുവിലായി വിവരം ലഭിക്കുമ്പോൾ സുരേഷ് ഗോപിയുടെ ലീഡ് നില 73091 ആണ്. 400706 വോട്ടാണ് സുരേഷ് ഗോപി ഇതുവരെ നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ് സുനിൽ കുമാറിന് 327615 വോട്ട് ലഭിച്ചിട്ടുണ്ട്. യുഡിഎഫിന്റെ കരുത്തരിൽ കരുത്തനായ കെ. മുരളീധരൻ 319560 വോട്ടുമായി മൂന്നാം സ്ഥാനത്താണ്.