kejriwal-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനത്ത് പോലും കാലിടറി ആം ആദ്‌മി പാർട്ടി. മത്സരിച്ച 22 സീറ്റുകളിൽ 19 ഇടത്തും എഎപി പിന്നിലായി. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ പഞ്ചാബിലെ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് ആം ആദ്‌മി പാർട്ടിയുടെ സ്ഥാനാർത്ഥികൾ മുന്നിലുള്ളത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജാമ്യം ലഭിച്ച് ജയിലിൽ നിന്നെത്തി പ്രചാരണം നയിച്ച അരവിന്ദ് കേജ്‌രിവാളിന് ഒരു സ്വാധീനവും സൃഷ്‌ടിക്കാനായില്ലെന്ന് കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിനൊപ്പവും പഞ്ചാബിലും അസമിലും ഒറ്റയ്‌ക്കുമായിരുന്നു എഎപിയുടെ പോരാട്ടം. പഞ്ചാബിൽ ആനന്ദ്പുർ സാഹിബ്, ഹോശിയാപുർ, സംഗ്‌രുർ എന്നിവിടങ്ങളിൽ എഎപി മുന്നേറുന്നുണ്ടെങ്കിലും നേരിയ ഭൂരിപക്ഷത്തിന്റെ പിൻബലം മാത്രമാണുള്ളത്. പഞ്ചാബിൽ ഏഴ് സീറ്റ് ലീഡ് ചെയ്യുന്ന കോൺഗ്രസാണ് മുന്നിൽ.

മദ്യനയ അഴിമതിയും സ്വാതി മലിവാൾ എംപിയെ ആക്രമിച്ച കേസും ഏറെ ചർച്ചയായ ഡൽഹിയിൽ മത്സരിച്ച നാല് സീറ്റിലും എഎപി പിന്നിലായി. ഡൽഹിയിലെ മുഴുവൻ സീറ്റുകളിലും ബിജെപിയാണ് മുന്നിൽ.