elections

അമരാവതി: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്ന ആന്ധ്ര പ്രദേശില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് അടിതെറ്റി. നിയമസഭയിലും ലോക്‌സഭയിലും ടിഡിപി-ബിജെപി സഖ്യം വന്‍ മുന്നേറ്റം നടത്തി. ചന്ദ്രബാബു നായിഡുവിന്റെ വന്‍ തിരിച്ചുവരവിനാണ് ആന്ധ്ര പ്രദേശ് സാക്ഷ്യം വഹിച്ചത്. ജഗനോടുള്ള മധുരപ്രതികാരമാണ് നായിഡുവിന് ഈ വിജയം. ജഗന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ച് ഒരുക്കങ്ങള്‍ നടത്തിയ അതേ ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്യാനാണ് ടിഡിപിയുടെ നീക്കം.

ജൂണ്‍ ഒമ്പതിന് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ടിഡിപി അറിയിച്ചിരിക്കുന്നത്. 175 അംഗ നിയമസഭയില്‍ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് ടിഡിപി സഖ്യം 163 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. ടിഡിപി 134 സീറ്റുകളിലും സഖ്യകക്ഷികളായ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി 21 സീറ്റിലും ബിജെപി എട്ട് സീറ്റിലും മുന്നിലാണ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് വെറും 12 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലവും വ്യത്യസ്തമല്ല. 25 ലോക്‌സഭാ മണ്ഡലങ്ങളാണ് ആന്ധ്രയിലുള്ളത്. ഇതില്‍ വെറും നാല് മണ്ഡലങ്ങളില്‍ മാത്രമാണ് ജഗന്റെ പാര്‍ട്ടിക്ക് മുന്നേറാന്‍ കഴിഞ്ഞത്. ടിഡിപിയുടെ സഖ്യകക്ഷികളായ ബിജെപി മൂന്നിടത്ത് മുന്നേറിയപ്പോള്‍ ജനസേന രണ്ടിടത്ത് മുന്നിലാണ്. ടിഡിപിക്ക് 16 സീറ്റിലാണ് മേല്‍ക്കൈ നേടാനായത്.

സംസ്ഥാന ഭരണവും ഭൂരിപക്ഷ ലോക്സഭാ സീറ്റുകളും നേടിയില്ലെങ്കില്‍ രാഷ്ട്രീയമായി ജീവിതത്തിന്റെ അവസാനമാവുമെന്ന തിരിച്ചറിവിലാണ് ചന്ദ്രബാബു നായിഡു പോരാട്ടത്തിന് ഇറങ്ങിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമില്ലാത്ത ബി.ജെ.പിയെ ഒപ്പം ചേര്‍ത്ത നായിഡു വലിയ വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നു. ബി.ജെ.പിക്ക് ആറ് സീറ്റുകളും ജനസേനയ്ക്ക് രണ്ടു സീറ്റുകളും ലോക്‌സഭയിലേക്ക് ടി.ഡി.പി. നീക്കിവെച്ചിരുന്നു.