modi1

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ജൂൺ 8 ശനിയാഴ്ച നടക്കും. ഇതിനായുളള ഒരുക്കങ്ങൾ വേഗത്തിൽ നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സർക്കാർ രൂപീകരിക്കാൻ മോദിക്ക് കഴിയുകയാണെങ്കിൽ ഇന്ത്യയിൽ മൂന്നാം തവണയും അധികാരം നിലനിറുത്തുന്ന രണ്ടാമത്തെ നേതാവാകും മോദി. ഇതിനുമുമ്പ് ജവഹർലാൽ നെഹ്റുവിന് മാത്രമാണ് ആ നേട്ടം സ്വന്തമാക്കാനായത്. ഇന്നലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭയുടെ യോഗം ചേർന്നിരുന്നു. ഇതിൽ അടുത്ത സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചചെയ്തിരുന്നു.

സർക്കാർ രൂപീകരണവുമായി മുന്നോട്ടുപോകുമ്പോഴും എൻഡിഎ മുന്നണിയിലെ പ്രധാനിയായ നിതീഷ് കുമാർ മനസുതുറക്കാത്തത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയ അട്ടിമറികളുടെ റെക്കോഡ് പേറുന്നയാളാണ് നിതീഷ് എന്നതുതന്നെ കാരണം. അട്ടിമറിയിൽ നിതീഷിനൊപ്പം എത്തില്ലെങ്കിലും ചന്ദ്രബാബു നായിഡുവും പിന്നിലല്ല. എന്നാൽ എൻഡിഎയ്‌ക്കൊപ്പം ഇപ്പോൾ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

'എൻ‌ഡിഎ യോഗത്തിൽ പങ്കെടുക്കാൻ ഞാൻ ഡൽഹിയിലേക്ക് പോകും. ഞാൻ എഡിഎയ്‌ക്കൊപ്പമാണ്. മറ്റെന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടായാൽ അത് നിങ്ങളെ അറിയിക്കും.', ഇന്നലത്തെ വൻ വിജയത്തിന് ശേഷം ആദ്യമായി മാദ്ധ്യമങ്ങളോട് സംസാരിക്കവെ നായിഡു വ്യക്തമാക്കി. ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 175 സീറ്റിൽ 164ഉം ടിഡിപി നേടിയെടുത്തു. സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളിൽ 16ലും പാർട്ടി തന്നെ വിജയിച്ചു. അതേസമയം, നിതീഷിനെ ഒപ്പം ഉറപ്പിച്ച് നിറുത്താനുള്ള ശ്രമങ്ങൾ ബിജെപി തുടരുകയാണ്.

നാനൂറു സീറ്റ് നേടുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ബിജെപി ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തുന്ന വേദി അലങ്കരിക്കുന്നതിന് ആവശ്യമായ ചെടികളും പൂക്കളും വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണിച്ചിരുന്നു എന്നും 21.97 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായിരുന്നു ടെൻഡർ എന്നായിരുന്നു റിപ്പോർട്ട്. ഔദ്യോഗിക സത്യപ്രതിജ്ഞ നടക്കുന്ന അതേ ദിവസം തന്നെ ഭാരത് മണ്ഡപത്തിലോ കർത്തവ്യ പാതയിലോ ബിജെപിയുടെ രാഷ്ട്രീയ പരിപാടി നടക്കുമെന്നും സൂചനകളുണ്ടായിരുന്നു.

രാജ്യത്തുടനീളമുള്ള പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എംപിമാരുടെ യാത്ര, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ട്രാൻസിറ്റ് പോയിന്റുകളിലെ വരവ്, താമസ സൗകര്യം എന്നിവ സുഗമമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ലോക്സഭാ സെക്രട്ടേറിയറ്റ് നടത്തുന്നുണ്ട്.