magnoliya

വാഹനങ്ങളുടെ ചെറു മാതൃകകൾ തടികൊണ്ടു നിർമ്മിച്ച് വാർത്തകളിൽ ഇടംപിടിക്കുന്ന കരവിരുതുകാരെ അമ്പരപ്പിച്ച്,​ ഇതാ തടികൊണ്ടു നിർമ്മിച്ച 'ഒറിജിനൽ​" ഉപഗ്രഹവുമായി ജപ്പാൻ! ലോകത്ത് ആദ്യമായി തടികൊണ്ട് നിർമ്മിച്ച ഉപഗ്രഹമായ 'ലിഗ്നോസാറ്റും,​" നിർമ്മാതാക്കളായ ക്യോട്ടോ യൂണിവേഴ്‌സിറ്റിയും ലോഗിംഗ് കമ്പനിയായ സുമിറ്റോമോ ഫോറസ്ട്രിയും ഈയിടെ തലക്കെട്ടുകൾ പിടിച്ചടക്കിയിരുന്നു.

ലോഹഭാഗങ്ങൾകൊണ്ടുള്ള ഉപഗ്രഹ നിർമ്മിതിയിൽ നിന്ന് വേറിട്ടു ചിന്തിക്കാൻ ജാപ്പനീസ് ബഹിരാകാശ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ച കാരണവും വ്യത്യസ്തമാണ്. സമീപകാലത്ത്,​ ഭൂമി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കാലവസ്ഥാ വ്യതിയാനം. അതിന്റെ കെടുതികൾക്കു പുറമേയാണ്,​ കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ ഉപഗ്രഹങ്ങൾ തിരികെ ഭൗമാന്തരീക്ഷത്തിലേക്കു പതിച്ച് കത്തി,​ ചെറിയ കഷണങ്ങളായി അന്തരീക്ഷത്തിൽ നശിക്കാതെ കിടക്കുന്നും ഓസോൺ പാളിക്ക് ഗുരുതര ക്ഷതമേല്പിക്കുന്നതും.

ഇതിന് ഒരു പോംവഴിയായാണ് പരിസ്ഥിതി സൗഹൃദ പദാർത്ഥമെന്ന നിലയിൽ മരത്തടി ഉപയോഗിച്ചുകൂടേ എന്ന് ചിന്തിച്ചുതുടങ്ങിയത്. പക്ഷേ,​ ഉഗ്രതാപത്തെയും മർദ്ദത്തെയും മറ്റും ചെറുക്കാൻ പറ്റുന്ന മരം കിട്ടണ്ടേ?​ അന്വേഷണം തുടരുന്നതിനിടെയാണ്,​ ദൃഢവും വിള്ളലുകളെ പ്രതിരോധിക്കുന്നതുമായ മഗ്നോളിയ മരങ്ങളുടെ തടിയിലേക്ക് ശ്രദ്ധ പതിഞ്ഞത്. പരിശോധനകളും പരീക്ഷണങ്ങളും പൂർത്തിയായതോടെ പ്രത്യേക സാങ്കേതിക വിദ്യകളിലൂടെ സംസ്കരിച്ചെടുക്കുന്ന മഗ്നോളിയ തടി ഉപഗ്രഹ നിർമ്മാണത്തിന് അനുയോജ്യമെന്ന് കണ്ടെത്തുകയും ചെയ്തു.

മഗ്നോളിയ

മരങ്ങൾ

കണ്ണിന് കുളിർമയേകുന്നതും സുഗന്ധം പരത്തുന്ന പൂക്കളുള്ളവയുമാണ് മഗ്നോളിയ മരങ്ങൾ. ചെറിയ കുറ്റിച്ചെടികൾ മുതൽ 80 അടിയിലധികം ഉയരംവയ്ക്കുന്ന മരങ്ങൾ വരെ മഗ്നോളിയ ഇനത്തിലുണ്ട്. മഗ്നോളിയ ചെടിയുടെ പുറംതൊലിയും പൂക്കളും പരമ്പരാഗത വെെദ്യശാസ്ത്രത്തിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്നതാണ്. അനുയോജ്യമായ സ്ഥലങ്ങളിലും കാലാവസ്ഥയിലും ദീർഘകാലം വളരാനും മഗ്നോളിയയ്ക്ക് സാധിക്കും. സുമിറ്റോമോ ഫോറസ്ട്രി കമ്പനി,​ വനത്തിൽ നിന്നാണ് ഉപഗ്രഹത്തിനാവശ്യമായ മഗ്‌നോളിയ മരങ്ങൾ കണ്ടെത്തിയത്.

പത്തു സെന്റിമീറ്റർ വീതമുള്ളക്യൂബ് ആകൃതിയിലുള്ള ലിഗ്‌നോസാറ്റിൽ ലോഹത്തിനു പകരം നാലു മുതൽ 5.5 മില്ലിമീറ്റർ വരെ കട്ടിയുള്ള മഗ്‌നോളിയ വുഡ് പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്‌ക്രൂകളോ പശയോ ആവശ്യമില്ലാത്തതും ബാഹ്യ സോളാർ പാനലുകൾകൊണ്ട് സജ്ജീകരിക്കുന്നതുമായ പരമ്പരാഗത ജാപ്പനീസ് സങ്കേതം ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയത്. ഈ സെപ്തംബറിൽ നാസയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ലിഗ്നോസാറ്റ് വിജയിച്ചാൽരിസ്ഥിതി സൗഹൃദമായ ഉപഗ്രഹങ്ങളുടെ പുതുതലമുറയിലേക്ക് വഴിമാറാൻ സാറ്റലൈറ്റ് നിർമ്മാണരംഗത്ത് സാദ്ധ്യത തുറക്കപ്പെടും.