photo

തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 7.34 ലക്ഷം വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് ആസ്ഥാനത്ത് മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു.സിവിൽ സ്റ്രേഷനിൽ ജില്ലാകളക്ടർ ജെറോമിക് ജോർജും നഗരസഭാ ആസ്ഥാനത്ത് മേയർ ആര്യാ രാജേന്ദ്രനുമാണ് വൃക്ഷത്തൈകൾ നട്ടത്.

കാനം രാജേന്ദ്രന്റെ ഓർമ്മയ്ക്കായി പട്ടം പി.എസ് സ്മാരകത്തിൽ സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി പി.പി.സുനീർ വൃക്ഷത്തൈ നട്ടു.

കേരള കർഷകസംഘം സംസ്ഥാനകമ്മിറ്റി ഓഫീസ് പരിസരത്ത് പ്രസിഡന്റ് എം.വിജയകുമാർ,എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയുടെ ആഭിമുഖ്യത്തിൽ കോട്ടൺഹിൽ ഹൈസ്കൂളിൽ ആന്റണിരാജു എം.എൽ.എ, പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ വി.കെ.പ്രശാന്ത് എം.എൽ.എ എന്നിവർ വൃക്ഷത്തൈ നട്ടു.

സാക്ഷരതാമിഷൻ അതോറിട്ടി,ആൾ സെയിന്റ്സ് കോളേജ് റിസർച്ച് സെന്റർ,പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഒഫ് എൻവയൺമെന്റൽ സയൻസസ്,നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതിദിനാചരണവും സെമിനാറും സംഘടിപ്പിച്ചു.ജലപരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.വി.സുഭാഷ്ചന്ദ്രബോസ്,നവകേരളം കർമ്മപദ്ധതി പ്രോഗ്രാം ഓഫീസർ വി.രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. സാക്ഷരതാമിഷൻ ഡയറക്ടർ ഒലീന .എ.ജി അദ്ധ്യക്ഷയായി.

ലത്തീൻ അതിരൂപതയുടെ പരിസ്ഥിതിദിനാചരണം വെള്ളയമ്പലം ബിഷപ് ഹൗസ് കോമ്പൗണ്ടിൽ അതിരൂപത വികാരി ജനറൽ യൂജിൻ എച്ച്.പെരേര ഉദ്ഘാടനം ചെയ്തു. മിനിസ്ട്രി കോഓർഡിനേറ്റർ ഡോ.ലോറൻസ് കുലാസ്,ആഷ്ലിൽ ജോസ് എന്നിവർ സംസാരിച്ചു.

നാഷണൽ ലിറ്രററി എൻവയൺമെന്റൽ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷം പെരുമ്പടവം ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു.എ.എം.കെ.നൗഫൽ അദ്ധ്യക്ഷനായി.ചടങ്ങിൽ പരിസ്ഥിതി സാഹിത്യപുരസ്കാരം ആർ.എസ്.മാളവികയ്ക്ക് പെരുമ്പടവം നൽകി.

കുടപ്പനക്കുന്ന് തപോവനം സിദ്ധാശ്രമം ട്രസ്റ്റിന്റെ നേതൃത്വത്തിൽ പേരൂർക്കട ഗവ.ജില്ലാ ആശുപത്രിവളപ്പിൽ ഔഷധസസ്യത്തോട്ടത്തിന്റെ നിർമ്മാണമാരംഭിച്ചു. സൂപ്രണ്ട് ഡോ.ഉണ്ണികൃഷ്‌ണൻ സസ്യത്തൈ നട്ടു. ആശ്രമം സെക്രട്ടറി ധന്വയോഗി, ​ജോ.സെക്രട്ടറി ലയാനന്ദ സ്വാമിനി, ഭരണസമിതിയംഗം സാബിർ,​നഴ്സിംഗ് സൂപ്രണ്ട് ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.

വെള്ളനാട് കൃഷിഭവന്റെ നേതൃത്വത്തിൽ പുതുമംഗലം വാർഡിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും കർഷകനുമായ സത്യജോസ് മാവിൻതൈ നട്ടു.