
ഹരിപ്പാട്: സ്കൂട്ടർ യാത്രക്കാരിയെ മറ്റൊരുവാഹനത്തിലെത്തി ഇടിച്ചുവീഴ്ത്തിയ ശേഷം മൂന്നു പവന്റെ ആഭരണങ്ങൾ കവർന്ന സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ.
കരുവാറ്റ വടക്ക് കൊച്ചുകടത്തശേരിൽ പ്രജിത്ത് (37), ഭാര്യ രാജി എന്നിവരാണ് കരീലകുളങ്ങര പൊലീസിന്റെ പിടിയിലായത്. കരിപ്പുഴ നാലുകെട്ടും കവലക്കൽ രവിയുടെ മകൾ ആര്യയെയാണ് (23) സ്കൂട്ടർ കൊണ്ട് ഇടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്നത്. മേയ് 25ന് രാത്രി 7.45 ഓടെ മുട്ടം എൻ.ടി.പി.സി റോഡിലായിരുന്നു സംഭവം. രാമപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുന്നതിനിടെ പിന്നിലൂടെ മറ്റൊരുസ്‌കൂട്ടറിലെത്തിയ ദമ്പതികൾ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു.
തെറിച്ചുവീണ ആര്യയെ രക്ഷിക്കാൻ എന്ന വ്യാജേന അടുത്തെത്തി ഒരു കാലിലെ പാദസരം ബലമായി ഊരിയെടുത്തു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആര്യയെ മുടിയിൽ കുത്തിപ്പിടിച്ച് മറ്റേ കാലിൽക്കിടന്ന പാദസരവും പൊട്ടിച്ചെടുത്തു. രണ്ട് മോതിരവും ബ്രേസ്‌ലെറ്റും ബലമായി ഊരിയെടുത്തു. ആരുമായും ബന്ധപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ ചെളിയിലേക്ക് വലിച്ചെറിയുകയും ചെയ്തു. ദമ്പതികൾ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സംഭവം നടക്കുമ്പോൾ മഴയും റോഡ് വിജനവുമായിരുന്നതിനാൽ
ആര്യയുടെ നിലവിളി ആരുംകേട്ടില്ല. കരിയിലക്കുളങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രജിത്ത് നിരവധി
കേസുകളിലെ പ്രതി
ഡാണാപടിയിലെ ഒരുധനകാര്യ സ്ഥാപനത്തിൽ സ്വർണ്ണം പണയംവച്ചുകിട്ടിയ കിട്ടിയ തുക ഉപയോഗിച്ച് തമിഴ്നാട് ഉൾപ്പടെ കഴിഞ്ഞ ശേഷം തിരികെ എത്തിയപ്പോഴാണ് വീട്ടിൽ നിന്ന് ദമ്പതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനവും പണയംവച്ച സ്വർണ്ണവും പൊലീസ് കണ്ടെടുത്തു. പ്രജിത്ത് മോഷണം ഉൾപ്പടെ ആറോളം കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം കായംകുളം ഡിവൈ. എസ്.പി അജയ്‌നാഥിന്റെ നേതൃത്വത്തിൽ കരീലകുളങ്ങര സി.ഐ എൻ.സുനീഷ്, എസ്.ഐ ബജിത്ത് ലാൽ, പ്രദീപ്, ദിവ്യ, സുഹൈൽ, ഷമീർ, ഷാഫി, മണിക്കുട്ടൻ, ഇയാസ്, ദീപക്, ഷാജഹാൻ, അഖിൽ മുരളി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
രാജിയെത്തിയത്
ആൺവേഷത്തിൽ
ജോലിചെയ്യുന്ന ധനകാര്യസ്ഥാപനത്തിൽ നിന്ന് ആര്യ ഹരിപ്പാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ കയറിയ ശേഷം നങ്ങ്യർകുളങ്ങര കവലയിലെത്തിയപ്പോഴും പ്രതികൾ പിന്നാലെ ഉണ്ടായിരുന്നു. തുടർന്ന്, ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു.
രണ്ട് യുവാക്കളാണ് സ്‌കൂട്ടറിലുണ്ടായിരുന്നത് എന്നാണ് ആര്യ പൊലീസിന് മൊഴിനൽകിയത്.
എന്നാൽ, സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തി വസ്ത്രം മാറിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്‌കൂട്ടറിന്റെ പിന്നിലുണ്ടായിരുന്നത് ആൺവേഷം ധരിച്ച
രാജിയാണെന്ന് അറിഞ്ഞത്.