
ആലുവ: നിരവധി മോഷണക്കേസിലെ പ്രതിയായ ഡ്രാക്കുള സുരേഷ് വീണ്ടും പൊലീസ് പിടിയിൽ. ആലുവയിലെ ഗോൾഡൻ ലൂബ്സ് എന്ന സ്ഥാപനത്തിൽ മോഷണം നടത്തിയതിനാണ് കുന്നത്തുനാട് ഐക്കരനാട് ചെമ്മല കോളനിയിൽ കണ്ടോലിക്കുടി വീട്ടിൽ സുരേഷ് എന്ന ഡ്രാക്കുള സുരേഷ് (39) പിടിയിലായത്.
കടയിൽ ഉണ്ടായിരുന്നയാൾ ഉച്ചഭക്ഷണം കഴിച്ച് കെെ കഴുകുന്നതിന് പുറത്തിറങ്ങിയ സമയം മേശയിൽ സൂക്ഷിച്ചിരുന്ന 26000 രൂപ മോഷ്ടിക്കുകയായിരുന്നു. പണം ഇയാളിൽ നിന്ന് കണ്ടെടുത്തു. നിരവധി മോഷണക്കേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണ് സുരേഷ്. പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, മോഷണം, മയക്കുമരുന്ന് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കറങ്ങി നടന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. സ്ഥാപനങ്ങളും മറ്റും നോക്കിവച്ച് ആളുമാറിക്കഴിയുമ്പോൾ മോഷണം നടത്തി രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
മുൻപ് കൊവിഡ് കാലത്ത് ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് പലതവണ ചാടിപ്പോയി ഡ്രാക്കുള സുരേഷ് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. മോഷണക്കേസില്‍ അറസ്റ്റിലായി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇയാളെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നത്. കഴിഞ്ഞ വർഷം ഇയാളെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചിരുന്നു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2021 ഡിസംബറിലും ആറ് മാസത്തേക്ക് കാപ്പ ചുമത്തി സുരേഷിനെ ജയിലിൽ അടച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ കഴിഞ്ഞ ആഗസ്റ്റിൽ ആലുവയിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിലും നവംബറിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമക്കേസിലും പ്രതിയായിരുന്നു.