
മുംബയ്: മഹാരാഷ്ട്രയിൽ ബി.ജെ.പിയ്ക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന്
രാജി വയ്ക്കാനൊരുങ്ങി ദേവേന്ദ്ര ഫഡ്നാവിസ്. നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിച്ചു.
2019ൽ 23 സീറ്റുകളുണ്ടായിരുന്ന പാർട്ടിക്ക് ഇത്തവണ ഒമ്പത് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത്
ബി.ജെ.പിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയത് ഫഡ്നാവിസാണ്. മഹാരാഷ്ട്രയിൽ സംഭവിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.
സംഘടനാതലത്തിൽ പ്രവർത്തനം ശക്തമാക്കി, നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും ചുമതലകളിൽ നിന്നൊഴിവാക്കണമെന്നും രാജിക്കത്തിൽ
ഫഡ്നാവിസ് ആവശ്യപ്പെട്ടു.
48 ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ടയിൽ എൻ.ഡി.യെ സഖ്യത്തിന് 18 സീറ്റുകളാണ് ലഭിച്ചത്. പ്രതിപക്ഷമായിരുന്ന എൻ.സി.പി (ശരദ് പവാർ), ശിവസേന (ഉദ്ധവ്), കോൺഗ്രസ് പാർട്ടികളടങ്ങുന്ന മഹാവികാസ് അഘാഡി 29 സീറ്റുകൾ നേടി. 2019ൽ ഒരു സീറ്റ് മാത്രം ലഭിച്ച കോൺഗ്രസിന് ഇത്തവണ 13 സീറ്റുകൾ നേടാനായി.