bjp

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ നേട്ടമുണ്ടാക്കിയത് ബിജെപി മാത്രം. വോട്ട് ശതമാനത്തില്‍ 2019നെ അപേക്ഷിച്ച് മൂന്ന് ശതമാനമാണ് ബിജെപി കേരളത്തില്‍ വര്‍ദ്ധിപ്പിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 32,96,354 വോട്ടുകളാണ് ബിജെപി നേടിയത്. 16.08 ശതമാനം വോട്ടുകള്‍, കഴിഞ്ഞ തവണ 13 ശതമാനമാണ് ബിജെപിക്ക് നേടാന്‍ സാധിച്ചത്.

കേരളത്തില്‍ ആകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വോട്ട് വിഹിതത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. രണ്ട് ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിന് കുറഞ്ഞത്. 69,27,111 വോട്ടുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്.


ഇത്തവണ 15 മണ്ഡലങ്ങളില്‍ മത്സരിച്ച സി.പി.എമ്മിന് 25.82 ശതമാനമാണ് വോട്ടുവിഹിതം. ആകെ കിട്ടിയത് 51,00,964 വോട്ടുകള്‍. കഴിഞ്ഞ തവണ 14 മണ്ഡലങ്ങളില്‍നിന്ന് 25.97 ശതമാനം ലഭിച്ചിരുന്നു. അന്ന് പൊന്നാനിയിലും ഇടുക്കിയിലും സി.പി.എം സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ 4.24% വോട്ടുകളും നേടിയിരുന്നു. ഇതുകൂടി ചേര്‍ത്താല്‍ 30.06 ശതമാനമാണ് 2019ലെ സി.പി.എം വോട്ടുവിഹിതം.

ഇത്തവണ ഈ മണ്ഡലങ്ങളില്‍ സി.പി.എം പാര്‍ട്ടി ചിഹ്നത്തിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. കോട്ടയത്ത് 2019ല്‍ പാര്‍ട്ടി ചിഹ്നത്തില്‍ വിഎന്‍ വാസവന്‍ മത്സരിച്ച മണ്ഡലത്തില്‍ ഇത്തവണ കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴികാടനാണ് മത്സരിച്ചത്. ഇവിടെ ലഭിച്ച വോട്ടുകള്‍ കൂടി കുറച്ചാല്‍ സിപിഎം വോട്ടുകളില്‍ 2.71 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിട്ടുണ്ട്.

വിവിധ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് ശതമാനം, ബ്രാക്കറ്റില്‍ 2019ലെ വോട്ട് വിഹിതം ശതമാന കണക്കില്‍

കോണ്‍ഗ്രസ് - 35.06 (37.46)
സിപിഎം - 25.82 (25.97)
ബിജെപി - 16.08 (13.00)
സിപിഐ - 6.14 (6.08)
മുസ്ലീം ലീഗ് - 6.07 (5.48)