sashi-tharoor

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് നാലാം തവണയും ശശി തരൂര്‍ വിജയിച്ചത് അപകടം മുന്‍കൂട്ടി മനസ്സിലാക്കിയതിനാല്‍. ബിജെപി എ പ്ലസ് മണ്ഡലമായി കാണുന്ന തിരുവനന്തപുരത്ത് അവസാന നിമിഷമാണ് രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ത്ഥിയായി എത്തിയത്. കേന്ദ്രമന്ത്രിയുടെ വരവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യഘട്ടത്തില്‍ അപകടമൊന്നും കണ്ടിരുന്നില്ല. എന്നാല്‍ വളരെ ചുരുങ്ങിയ നേരം കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ തലസ്ഥാന മണ്ഡലത്തിലെ വോട്ടര്‍മാരുടെ പള്‍സ് മനസ്സിലാക്കി മുന്നോട്ട് പോകാന്‍ തുടങ്ങി.

നാല് നഗര മണ്ഡലങ്ങളും, രണ്ട് ഗ്രാമ മണ്ഡലങ്ങളും കോര്‍പ്പറേഷന്‍ വാര്‍ഡുകളും പഞ്ചായത്തുകളും ഉള്‍പ്പെടുന്ന കോവളവും അടങ്ങിയതാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം. തീരദേശവും ഒപ്പം ഗ്രാമ മണ്ഡലങ്ങളും ഒരിക്കലും കൈവിടാത്തതാണ് ശശി തരൂരിനെ തിരുവനന്തപുരം നിലനിര്‍ത്താന്‍ എല്ലാക്കാലത്തും സഹായിക്കുന്നത്. ഇത് പഠിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ എന്‍ട്രി. നഗര മേഖലയില്‍ ബിജെപിക്ക് കൃത്യമായ വോട്ട് ബാങ്കുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം ആദ്യ ദിവസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് തീരദേശ മേഖലയിലും ഗ്രാമ മണ്ഡലങ്ങളിലുമാണ്.

നന്നായി ഹോംവര്‍ക്ക് ചെയ്ത് രംഗത്തിറങ്ങിയ രാജീവ് ചന്ദ്രശേഖര്‍ കളം പിടിക്കുന്നുവെന്നും തന്റെ ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ പോന്ന പ്രവര്‍ത്തനം നടത്തുന്നുവെന്നും തിരിച്ചറിഞ്ഞ തരൂര്‍ പ്ലാന്‍ ബി നടപ്പിലാക്കുകയായിരുന്നു. നഗര മേഖലയില്‍ തരൂര്‍ വിരുദ്ധ വോട്ടുകള്‍ രാജീവിലേക്ക് കേന്ദ്രീകരിച്ചപ്പോഴാണ് തരൂര്‍ നടപ്പിലാക്കിയ പ്ലാന്‍ ബി ഒരിക്കല്‍ക്കൂടി അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തിയത്. പാറശാല, നെയ്യാറ്റിന്‍കര മേഖലകളിലെ ഓരോ പഞ്ചായത്തിലെയും ഉള്‍പ്രദേശങ്ങളിലേക്ക് എത്താന്‍ പ്രചാരണസമയത്ത് തരൂര്‍ കൂടുതല്‍ സമയം കണ്ടെത്തി.

നിശ്ചയിച്ച പഞ്ചായത്തിലെത്താന്‍ പറ്റിയില്ലെങ്കില്‍ അടുത്ത ദിവസം അവിടെയെത്തും. ഗ്രാമീണമേഖലയിലൂടെയായിരുന്നു കൂടുതലും തരൂരിന്റെ പ്രചാരണം. ഇടറോഡുകള്‍ പോലും വിടാതെ അദ്ദേഹം ഗ്രാമീണ മേഖലയില്‍ കയറി ഇറങ്ങിയതിന്റെ ഫലമാണ് തിരഞ്ഞെടുപ്പ് വിജയം. എന്തിനാണ് ഇത്രയും ഉള്ളിലേക്ക് പോയുള്ള പ്രചാരണം എന്ന് ഒപ്പമുള്ളവര്‍ ചോദിച്ചപ്പോള്‍ 'ഞങ്ങളുടെ വീടിനു മുന്നില്‍ സ്ഥാനാര്‍ഥിയെത്തിയല്ലോ എന്ന് വോട്ടര്‍മാര്‍ ചിന്തിക്കും. ജോലിക്കു പോയ കുടുംബനാഥരോട് അവര്‍ ഇക്കാര്യം പറയും. അതു ചിലപ്പോള്‍ വോട്ടാകും' എന്നായിരുന്നു.

തീരദേശ വോട്ട് ബാങ്കില്‍ ചെറുതായെങ്കിലും വിള്ളല്‍ വീഴ്ത്താന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞേക്കുമെന്നും തരൂര്‍ തിരിച്ചറിഞ്ഞു. 20 തവണ പാര്‍ലമെന്റില്‍ തീരദേശവാസികള്‍ക്കായി ശബ്ദമുയര്‍ത്തിയെന്നു പറഞ്ഞായിരുന്നു തരൂരിന്റെ തീരമേഖലയിലെ പ്രചാരണം. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ പലതവണയെത്തിച്ചെന്നും പൊഴിയൂരും കൊച്ചുതോപ്പും സംരക്ഷിക്കാന്‍ പുലിമുട്ട് പണിതെന്നും ഓരോ പ്രചാരണസ്ഥലത്തും അദ്ദേഹം എടുത്തുപറഞ്ഞു. തീരദേശ വോട്ടുകള്‍ കൂടുതല്‍ സമാഹരിക്കാന്‍ ഇതോടെ തരൂരിനു കഴിഞ്ഞു.