
"ഒരുകാലത്ത് നല്ല നിലയിൽ കഴിഞ്ഞിരുന്നവർ പിന്നീട് ക്ഷയിച്ചു പോകുന്നതും, പിൻതലമുറ സാമ്പത്തികമായി തകർന്ന് ദാരിദ്ര്യ ദുഃഖത്തിലായിപ്പോകുന്നതുമൊക്കെ ജീവിതത്തിലെ സാധാരണ സംഭവങ്ങളായിട്ടാണല്ലോ പലപ്പോഴും സമൂഹം കണക്കാക്കുന്നത്. എന്നാൽ, ഒരുകാലത്ത് സാമ്പത്തിക വൈഷമ്യം അനുഭവിച്ചവർ പിൽക്കാലത്ത് സമ്പന്നരാകുന്നതും, അവരുടെ പിന്മുറക്കാർ സമൂഹത്തിൽ ആദരണീയരായി മാറുന്നതും ഇന്ന് നമുക്കൊരു പുതിയ കാഴ്ചയാണെന്നു പറയാനും കഴിയില്ല!"ആമുഖമെന്ന പോലെ പ്രഭാഷകൻ ഇത്രയും പറഞ്ഞശേഷം, സദസ്യരെയാകെ വിശദമായി നോക്കി. ജീവിതത്തിലെ കയറ്റവും ഇറക്കവുമെല്ലാം എല്ലാവർക്കും അറിവുള്ളതാണെങ്കിലും, എന്തായിരിക്കാം അത്തരം ജീവിതസത്യങ്ങളെ പ്രഭാഷകൻ ഇപ്പോൾ അടിവരയിട്ടു പറയാൻ കാരണമെന്ന് സദസ്യരിൽ ചിലരെങ്കിലും ചിന്തിക്കാതിരുന്നില്ല.
സ്വതസിദ്ധമായൊരു പുഞ്ചിരിയോടെ സദസ്യരെയാകെ നോക്കികൊണ്ട് പ്രഭാഷകൻ തുടർന്നു: "ജീവിതത്തിലെ കയറ്റിറക്കങ്ങളെപ്പറ്റിയാണ് ഞാൻ നിങ്ങളോട് പറഞ്ഞു തുടങ്ങിയതെങ്കിലും, സത്യത്തിൽ പറയാൻ ആഗ്രഹിച്ചത് കേവലം സാമ്പത്തികമായുള്ള ഏറ്റക്കുറവുകളെപ്പറ്റിയായിരുന്നില്ല. നല്ല സ്ഥിതിയിൽ കഴിഞ്ഞിരുന്നവർ അവർക്കു പോലും അജ്ഞാതമായ കാരണങ്ങളാൽ ചില പ്രതിസന്ധികളിൽ പെട്ടുപോകാറില്ലേ? അല്ലെങ്കിൽത്തന്നെ മാന്യമായി ജീവിതം നയിക്കുന്നവരെ കബളിപ്പിക്കാൻ എളുപ്പമല്ലേ?പലപ്പോഴും മാന്യത മൂലം, തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞാൽപ്പോലും അവർ പ്രതികരിക്കാൻ നിൽക്കാറില്ല! അത്തരം ആളുകൾക്ക് അവരുടെ പ്രതിസന്ധിഘട്ടങ്ങളിൽപ്പോലും സമൂഹത്തിന്റെ മാനസിക പിന്തുണ ലഭിക്കാറുണ്ട്!
പ്രതിസന്ധികളിലെ മനസിക പിന്തുണയുടെ പ്രാധാന്യം ഇനിയും മനസിലായില്ലെങ്കിൽ കേട്ടോളൂ- പങ്കിട്ട ദുഖം പാതി ദുഃഖം; പങ്കിട്ട സുഖം ഇരട്ടി സുഖം! പണത്തിനും പ്രതാപത്തിനും പദവികൾക്കും മുകളിലാണ് ജീവിതത്തിൽ സമാധാനത്തിന്റെ സ്ഥാനമെന്ന അറിവ്, വലിയ തിരിച്ചറിവു തന്നെയാണ്! സമ്പത്തിന്റെ ആധിക്യത്താൽ സങ്കടക്കടലിലെ ജീവിതം നയിക്കേണ്ടിവന്ന ഹതഭാഗ്യവാന്മാരെപ്പറ്റി കേട്ടിട്ടില്ലേ? മാന്യമായ പെരുമാറ്റം പ്രദാനം ചെയ്യുന്നത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ പരിമളമാണ്. പ്രതിസന്ധികളിലും സമചിത്തത കൈവെടിയാതെ നിൽക്കാൻ കഴിയുന്ന വ്യക്തിയെ ഉന്മൂലനം ചെയ്യാൻ ഒരു പരാജയത്തിനും കഴിയില്ലെന്ന ജീവിതസത്യമാണ് നമ്മൾ മനസിൽ മന്ത്രമായി ഉരുവിട്ട് ഉറപ്പിക്കേണ്ടത്.
പ്രതിസന്ധികളിൽ പതറിപ്പോകാതെ അതിനെ അഭിമുഖീകരിക്കുന്നതിനുള്ള അറിവു പകരുന്ന വിദ്യാഭ്യാസം ലഭിച്ചവർ, തങ്ങളുടെ കുടുംബപ്രശ്നങ്ങൾക്കു പരിഹാരം തേടി കുടുംബക്കോടതിയുടെ കാരുണ്യത്തിന് കെെനീട്ടിനിൽക്കില്ല! പലപ്പോഴും പ്രതിവിധികൾ തങ്ങളുടെ ഇരിപ്പിടത്തിനു കീഴിൽത്തന്നെ ഉണ്ടെങ്കിലും, ഇളക്കിനോക്കാൻ ആരും മിനക്കെടാറില്ലല്ലോ! മടികൊണ്ടു മാത്രംഇരിപ്പിടം ഇളക്കിനോക്കാതെ,സ്വർണനിധിക്കു മുകളിലിരുന്ന് ഭിക്ഷാടനത്തിലൂടെ ജീവിതം കഴിച്ച ഹതഭാഗ്യവാനെപ്പറ്റി കേട്ടിട്ടില്ലേ?
വലിയൊരു പദവിയിലിരുന്ന വ്യക്തിക്ക് സമൂഹം നൽകിയ മാർക്കുകൂടി നമുക്കൊന്നു കൂട്ടിനോക്കിയാലോ! സ്ത്രീയെ കൈയേറ്റം ചെയ്ത കേസിലെ മുഖ്യസാക്ഷിയെ എതിർവിസ്താരം നടത്തിയ പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യം: 'അപ്പോൾ, നിങ്ങൾ പറയുന്ന കൃത്യസ്ഥലം റിട്ടയേർഡ് ജസ്റ്റിസിന്റെ വീടിന്റെ മുൻവശം ഗേറ്റിനു സമീപമാണല്ലോ?' 'ഓ, ഒരുവീടിന്റെ ഗേറ്റിനു സമീപം റോഡിൽവച്ചായിരുന്നു, അത് റിട്ടയേർഡ് ആണോ അല്ലാത്തതാണോ എന്നൊന്നും എനിക്കറിയില്ല, അവിടെ അങ്ങനെയൊക്കെ ആരൊക്കയോ ഉണ്ടെന്നറിയാം, ഞങ്ങൾക്ക് ഉപകാരമില്ലാത്തതൊക്കെ ഞങ്ങൾ എന്തിനാ സാറേ തിരക്കണത്?"
"ആ സാധു സ്ത്രീക്കും സത്യംപറയാൻ അവകാശമില്ലേ?"കൂട്ടച്ചിരികൾക്കിടയിൽ പ്രഭാഷകൻ പറഞ്ഞു നിർത്തി.