
മലപ്പുറം: സ്‌കൂൾ വാൻ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്. മൊറയൂർ വി എച്ച് എം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങളാടിയിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.
രാവിലെ വിദ്യാർത്ഥികളുമായി മൊറയൂർ വി എച്ച് എം ഹയർസെക്കൻഡറി സ്‌കൂളിലേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ഏഴ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. പന്ത്രണ്ട് വിദ്യാത്ഥികൾ വാനിലുണ്ടായിരുന്നുവെന്നാണ് സൂചന.
നിയന്ത്രണം വിട്ട വാൻ പന്ത്രണ്ട് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്‌ടർമാരും പൊലീസും നൽകുന്ന സൂചന.
'റോഡ് കുറച്ച് വീതി കുറവുള്ളയിടമാണ്. ഓപ്പോസിറ്റ് വന്ന വണ്ടിക്ക് സൈഡ് കൊടുത്തപ്പോൾ സ്‌കൂൾ വാൻ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ പന്ത്രണ്ട് കുട്ടികളും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാരൊക്കെ പെട്ടന്ന് സ്ഥലത്തെത്തി. വണ്ടിയുടെ അവസ്ഥ കണ്ടപ്പോൾ കുട്ടികൾക്കൊക്കെ നല്ല പരിക്ക് ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ പേടിച്ചതുപോലെ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് കേട്ടത്'- നാട്ടുകാരൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
കുന്ദമംഗലത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മിനി ചാത്തങ്കാവ് പീടികപ്പറമ്പത്ത് ലിജിത്ത് (37) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വെള്ളിപ്പറമ്പ് 6/2-ൽ ലിജിത്ത് സഞ്ചരിച്ച ബൈക്കിൽ ഓട്ടോ ഇടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ ലിജിത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുകുമാരന്റെയും പരേതയായ വിമലയുടെയും മകനായ ലിജിത്ത് പന്തീർപ്പാടത്ത് വർക്ക് ഷാപ്പ് മെക്കാനിക്കാണ്. ഭാര്യ: വിജിന. മക്കൾ: അലൻ, ഇഷാൻ. സഹോദരങ്ങൾ: ലിസിത, ലിഖിത , ലിജീഷ് (പൊലീസ്).